Connect with us

Articles

മതം-വിപ്ലവം-ജനാധിപത്യം സമാധാനത്തിന്റെ പുതുയുഗപ്പിറവി

Published

|

Last Updated

ഇപ്പോഴാരംഭിച്ചു കഴിഞ്ഞിട്ടുള്ള ക്രിസ്മസ് അവധി അവസാനിക്കുന്നതോടുകൂടി പുതുവര്‍ഷമായി. ലോകമെമ്പാടും അവധിയുടെയും ആഹ്ലാദത്തിന്റെയും പുതുവര്‍ഷപ്പിറവിയുടെയും പ്രതീക്ഷകളും പ്രത്യാശകളും നിറയുന്ന അവസരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനഞ്ചാമത് വര്‍ഷത്തേക്ക് കടക്കുമ്പോള്‍, ലോകസമാധാനവാദികള്‍ക്ക് ആശ്വാസവും ആവേശവും പ്രദാനം ചെയ്ത ഒരു സംഭവവികാസം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നടന്നു. ഈ സംഭവവികാസം നമ്മുടെ കാലത്തെ നിര്‍വചിക്കാന്‍ മാത്രം പര്യാപ്തമാകട്ടെ എന്നു പ്രത്യാശിക്കാം. അമ്പതു വര്‍ഷങ്ങളായി അറ്റുകിടന്നിരുന്ന അമേരിക്കന്‍ ഐക്യ നാടുകളും ക്യൂബ(കൂബ എന്നാണ് സ്പാനിഷ് ഉച്ചാരണം/നമ്മുടെ പത്രങ്ങളില്‍ ഉപയോഗിക്കുന്ന ക്യൂബ തന്നെ കിടക്കട്ടെ ഈ ലേഖനത്തില്‍)യും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു എന്നതാണ് ആ പ്രതീക്ഷാനിര്‍ഭരമായ സംഭവവികാസം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മധ്യസ്ഥതയില്‍ സാക്ഷാത്കൃതമായ ഈ സന്ധിയില്‍, ബറാക് ഒബാമക്കും കാസ്‌ട്രോമാര്‍ക്കും (മുന്‍ പ്രസിഡണ്ട് ഫിദലിനും ഇപ്പോഴത്തെ പ്രസിഡണ്ട് റൗളിനും) അഭിമാനിക്കാന്‍ ഏറെയുണ്ട്. സാമൂഹിക ചരിത്രത്തിലും രാഷ്ട്രീയ ഗതിവിഗതികളിലും വ്യക്തികള്‍ക്ക് വലിയ പങ്കില്ലെന്നൊക്കെ സിദ്ധാന്തീകരിക്കാമെങ്കിലും ഒബാമയുടെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെയും വ്യക്തിത്വം ഈ ഉടമ്പടി നടപ്പിലാകുന്നതില്‍ വന്‍ തോതിലുള്ള പങ്ക് തന്നെ വഹിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ശീതയുദ്ധത്തിന്റെ എക്കാലത്തെയും ലക്ഷണങ്ങളിലൊന്നായി അവശേഷിച്ചിരുന്ന അമേരിക്ക-ക്യൂബ ശത്രുത അവസാനിച്ചതായും ഹവാനയില്‍ അമേരിക്കന്‍ എംബസി ആരംഭിക്കുന്നതായും രാജ്യമെമ്പാടും സംപ്രേഷണം ചെയ്ത വൈറ്റ് ഹൗസ് വാര്‍ത്താകുറിപ്പിലൂടെ ഒബാമ അറിയിച്ചു. അതേ സമയം തന്നെ ക്യൂബന്‍ ടെലിവിഷനില്‍ റൗള്‍ കാസ്‌ട്രോയും പ്രത്യക്ഷപ്പെട്ട് സമാനമായ പ്രഖ്യാപനം നടത്തി. പതിനെട്ട് മാസമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുന്‍കൈയില്‍ രഹസ്യ ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നുവത്രെ. എല്ലാത്തിന്റെയും പരിസമാപ്തിയായി ഒബാമയും റൗള്‍ കാസ്‌ട്രോയും തമ്മില്‍ ഒരു ഫോണ്‍ സംഭാഷണവും.
തൊണ്ണൂറു മൈല്‍ കടല്‍ ദൂരമേ അമേരിക്കയും ക്യൂബയും തമ്മിലുള്ളൂ. പക്ഷേ, അവിശ്വാസത്തിന്റെയും വൈരത്തിന്റെയും ആഴക്കടലുകള്‍ ആ രാജ്യങ്ങളെ കൂടുതല്‍ കൂടുതല്‍ അകറ്റിക്കൊണ്ടിരുന്നു. നാമെല്ലാവരും ജനിക്കുന്നതിനു മുമ്പ് ആരംഭിച്ച ശത്രുതകളാണ് നാം അവസാനിപ്പിക്കുന്നത് എന്നാണ് ഒബാമ ഈ ബന്ധപുനഃസ്ഥാപനത്തെ വിശേഷിപ്പിച്ചത്. തനിക്കു മുമ്പുള്ള പത്ത് പ്രസിഡന്റുമാര്‍ തൊടാനറച്ച വിഷയം എടുത്ത് ഭംഗിയായി കൈകാര്യം ചെയ്യുകയും ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ക്യൂബയെ തൊട്ടടുപ്പിക്കുകയും ചെയ്ത ഒബാമ, സഹിഷ്ണുതയുടെയും അമേരിക്കന്‍ ജനാധിപത്യത്തിന്റെയും കൊടിക്കൂറ ഉയര്‍ത്തിപ്പറപ്പിച്ചു. സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷമുള്ള എതിര്‍പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാര്‍ ഈ നീക്കത്തെ തങ്ങളുടെ കഴിവിന്റെ പരമാവധി തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്ന് ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷേ, സെനറ്റിലും കോണ്‍ഗ്രസിലും തന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ നേരിട്ട തിരിച്ചടിയെ മറികടക്കുന്നതിനു വേണ്ടിയുള്ള തന്ത്രമായിട്ടുകൂടിയാകാം ഒബാമ ഈ നീക്കം നടത്തിയിട്ടുണ്ടാകുക. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പിടിച്ചടക്കാന്‍ ശ്രമിച്ച വലതുപക്ഷത്തെ ചെറുക്കാനായി; ബേങ്ക് ദേശസാത്കരണവും പ്രിവിപേഴ്‌സ് നിര്‍ത്തലാക്കലും പാസാക്കിയ ഇന്ദിരാ ഗാന്ധിയുടെ തന്ത്രം ഒബാമ പഠിച്ചിട്ടുണ്ടാകും. അതെന്തായാലും സാരമില്ല, ജനാധിപത്യത്തിലും കക്ഷിരാഷ്ട്രീയത്തിലും ഇത്തരം ജനപ്രിയ തന്ത്രങ്ങള്‍ സാധാരണമാണ്. കോര്‍പ്പറേറ്റുകളുടെയും യുദ്ധപ്രഭുക്കളുടെയും കുതന്ത്രങ്ങളെക്കാള്‍ ഭേദമാണ് ഇത്തരം ജനപ്രിയതാ ആഭിമുഖ്യങ്ങള്‍.
പ്രത്യയശാസ്ത്രത്തിനും അധികാരത്തിനും വേണ്ടി ലോക രാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയുടെയും സോവിയറ്റ് യൂനിയന്റെയും നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തില്‍ പക്ഷം ചേര്‍ന്നതു കൊണ്ടാണ് ക്യൂബയെ അമേരിക്ക അകറ്റിയത്. ക്യൂബന്‍ വിപ്ലവ നേതാവ് ഫിദലിനെ വധിക്കാന്‍ പല തവണ സി ഐ എ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ക്യൂബയിലെ വിപ്ലവത്തിനു ശേഷം ഏതാനും മാസം അവിടെ മന്ത്രിയായിരുന്നെങ്കിലും ലാറ്റിന്‍ അമേരിക്ക മുഴുവനായി മോചിപ്പിക്കലാണ് തന്റെ ജീവിത ദൗത്യം എന്നു പ്രഖ്യാപിച്ച് ബൊളീവിയയിലേക്ക് കടന്ന ചെഗുവേരയെ സി ഐ എ തന്നെയാണ് രഹസ്യമായി വധിച്ചത്. 1960കളിലെ പ്രസിഡന്റായിരുന്ന ഐസന്‍ഹോവറാണ് ക്യൂബയുമായുള്ള നയതന്ത്രബന്ധം ഔദ്യോഗികമായി വേര്‍പെടുത്തിയത്. 1961 ജനുവരിയിലായിരുന്നു ആ തീരുമാനം. ഏഴ് മാസങ്ങള്‍ക്കു ശേഷമാണ് ഒബാമ ജനിക്കുന്നത്. ആ ജനനം ചരിത്ര നിര്‍ണായകമായിത്തീരും എന്നാരും അന്ന് കരുതിയില്ല എന്നത് സ്ഥിരം അലങ്കാര വാചകം. ഒബാമക്ക് ലോക പോലീസായി ചമയുകയും ലോകമാകെ ആക്രമിക്കുകയും പിടിച്ചടക്കുകയും ചെയ്യുന്ന അമേരിക്കന്‍ രീതിയെ തെല്ലൊന്ന് പോറലേല്‍പ്പിക്കാന്‍ പോലും സാധിച്ചിട്ടില്ല. ഇനി സാധിക്കുമെന്നും തോന്നുന്നില്ല. മുള്‍ക്കിരീടവും ശരശയ്യയും ആണ് അമേരിക്കന്‍ പ്രസിഡന്റ് പദവി എന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടാകും. എന്നാല്‍ പോലും, ഭാവിയെ സംബന്ധിച്ച് ചില സൂചനകള്‍ നല്‍കാനാകും. അതാണ് ക്യൂബന്‍ നയതന്ത്രപുനഃസ്ഥാപനത്തിലൂടെ അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത്. അതിന് നാം ശക്തമായ പിന്തുണ കൊടുക്കുക തന്നെ വേണം.
ബെര്‍ലിന്‍ മതില്‍ തകര്‍ന്നിട്ടും സോവിയറ്റ് യൂനിയന്‍ ശിഥിലമായിട്ടും ക്യൂബന്‍ വിപ്ലവം തളര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്. 1959ല്‍ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചുകൊണ്ടാണ് ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ ക്യൂബയില്‍ അധികാരത്തില്‍ വന്നത്. അന്ന് മുതല്‍ക്കു തന്നെ ക്യൂബയില്‍ മാത്രമല്ല, ലാറ്റിനമേരിക്കയിലാകെ കമ്യൂണിസ്റ്റ്‌വിരുദ്ധ പ്രതിവിപ്ലവശ്രമങ്ങള്‍ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും ആരംഭിച്ചു. 1970ല്‍ ചിലിയിലെ പ്രസിഡന്റായിരുന്ന സാല്‍വദോര്‍ അലന്‍ഡെയെ അട്ടിമറിച്ചതു പോലുള്ള നിരവധി അക്രമങ്ങളാണ് അമേരിക്ക ഇക്കാലത്തിനിടയില്‍ നടത്തിയത്. കുറ്റകൃത്യങ്ങളുടെയും രാഷ്ട്രീയ അസ്ഥിരതകളുടെയും നീണ്ട ചരിത്രമുണ്ടായിട്ടും മിക്ക ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലും ജനാധിപത്യ വ്യവസ്ഥകളാണ് നിലനില്‍ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഉദയത്തോടു കൂടി ലാറ്റിനമേരിക്കയിലെ വളരെയധികം രാഷ്ട്രങ്ങള്‍ ഇടത്തോട്ട് ചരിഞ്ഞു എന്നത് ആവേശകരമായ ചരിത്രയാഥാര്‍ഥ്യവുമാണ്. വെനസ്വേല, ചിലി, ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വേ, ബൊളീവിയ, നിക്കരാഗ്വ, ഇക്വഡോര്‍, പരാഗ്വേ, എല്‍ സാല്‍വദോര്‍ എന്നീ രാഷ്ട്രങ്ങളിലെല്ലാം സോഷ്യലിസ്റ്റുകളും ലാറ്റിന്‍ അമേരിക്കന്‍ ദേശീയ വാദികളും സാമ്രാജ്യത്വവിരുദ്ധരും ആണ് അധികാരത്തിലിരിക്കുന്നത്. എട്ടംഗങ്ങളുള്ള അല്‍ബ ഐക്യം നിലവില്‍ വന്നത് ഇതിന്റെ തുടര്‍ച്ചയാണ്. നമ്മുടെ അമേരിക്കയിലെ ജനങ്ങള്‍ക്കായുള്ള ബൊളീവിയന്‍ ഐക്യവേദി എന്നാണ് ഈ സംഘടനയുടെ പൂര്‍ണരൂപം. ഹോണ്ടുറാസ്, പാനമ, ഗ്വാട്ടിമാല, കൊളംബിയ എന്നീ രാഷ്ട്രങ്ങളില്‍ വലതുപക്ഷം തന്നെയാണ് ഇപ്പോഴും ഭരിക്കുന്നത്. ക്യൂബയുടെ സ്വാധീനം ലാറ്റിനമേരിക്കയില്‍ സ്പഷ്ടമാണെന്നു ചുരുക്കം. ഈ വസ്തുതയും ഒബാമ കണക്കിലെടുത്തിട്ടുണ്ടാകണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകട്ടെ, അര്‍ജന്റീനക്കാരനാണ്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും സുവിശേഷ പ്രഖ്യാപനങ്ങളും മതയാഥാസ്ഥിതികത്വത്തിന്റെ തടവറയെ ഭേദിക്കാനുദ്ദേശിച്ചിട്ടുള്ളതാണെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുള്ളതുമാണ്.
ചൈനയും വിയറ്റ്‌നാമും ആയി അമേരിക്കക്ക് നയതന്ത്രബന്ധമുണ്ട്. ക്യൂബക്കു പുറമെ, ഇറാനും ഉത്തര കൊറിയയും ആണ് അമേരിക്കയുമായി ബന്ധം വേര്‍പെടുത്തിയ രാഷ്ട്രങ്ങള്‍. അതില്‍ ക്യൂബയുമായുള്ള ചരിത്രപ്രസിദ്ധമായ ബന്ധപുനഃസ്ഥാപനത്തിന്റെ വെളിച്ചത്തില്‍ ഇറാനുമായും ഉത്തരകൊറിയയുമായും ബന്ധം സ്ഥാപിക്കാന്‍ ഒബാമ തുനിയുമോ എന്ന് ലോകം ഉറ്റു നോക്കുകയാണ്. ആ രാഷ്ട്രങ്ങളും അതിന് മുന്‍കൈയെടുക്കട്ടെ. ലോകത്താകെ തലമുറമാറ്റം നടന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമായിട്ടു കൂടി വേണം ഇത്തരം പരിവര്‍ത്തനങ്ങളെ കാണാന്‍. ന്യൂയോര്‍ക്ക് ടൈംസ് അമേരിക്കക്കാര്‍ക്കിടയില്‍ ഒക്‌ടോബറില്‍ നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ പത്തില്‍ ആറ് പേരും ക്യൂബയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. കത്തോലിക്കാ പള്ളിക്കു പുറമെ, യു എസ് ചേംബര്‍ ഓഫ് കോമേഴ്‌സും മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും കൃഷിക്കാരുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരും ഒബാമക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. രണ്ട് തെറ്റുകള്‍ക്ക് ഒരു ശരിയെ ഉത്പാദിപ്പിക്കാനാകില്ല എന്ന യാഥാര്‍ഥ്യമാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത് എന്നാണ്, പുതിയ തീരുമാനത്തിന്റെ ഭാഗമായി ക്യൂബന്‍ തടവറയില്‍ നിന്ന് വിമോചിതനായ അമേരിക്കന്‍ സര്‍ക്കാര്‍ കരാറുകാരനായ അലന്‍ പി ഗ്രോസ് അഭിപ്രായപ്പെട്ടത്.
സംഘടിത മതത്തിന്റെ നേതൃരൂപമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വിജയിച്ച സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പ്രതിപുരുഷനായ കാസ്‌ട്രോയും പരിഷ്‌കൃത ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവായി ആഘോഷിക്കപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് ബറാക്ക് ഒബാമയും തങ്ങള്‍ പ്രതിനിധീകരിക്കുന്ന ആശയ-പ്രയോഗ മണ്ഡലത്തെ ജനാനുകൂലമായും സമാധാനപുനഃസ്ഥാപനത്തിനായും വികസിപ്പിക്കുകയും വിനിയോഗിക്കുകയും ചെയ്തു എന്നതാണ് ചരിത്രപ്രധാനമായ വസ്തുത.

 

---- facebook comment plugin here -----

Latest