ആക്രമികളുടെ ഭാഷ: പോലീസിനെ വലക്കുന്നു

Posted on: December 23, 2014 9:02 am | Last updated: December 23, 2014 at 9:02 am

പാലക്കാട്: മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ഭാഷ അന്വേഷണത്തിന് തടസ്സമാകുന്നു.
കാസര്‍കോട് തൃക്കരിപ്പൂര്‍സ്വദേശികളായ അരുണ്‍ ബാലന്‍ (22), ശ്രീകാന്ത് പ്രഭാകരന്‍ (24) എന്നിവര്‍ തമിഴ് കലര്‍ന്ന മലയാളത്തിലാണ് സംസാരിക്കുന്നത്. ഇത് പോലീസുകാരെ വലക്കുന്നുണ്ടെന്ന് പറയുന്നു.
അട്ടപ്പാടിയിലും ആക്രമണത്തിനുശേഷം തമിഴ് കലര്‍ന്ന മലയാളത്തില്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് സായുധ സംഘം തിരികെ പോയതെന്നാണ് പറയുന്നത്. തോക്കുധാരികളായ അക്രമികള്‍ മുഖം മൂടിയണിഞ്ഞ കറുത്ത വേഷമാണ് ധരിച്ചിരുന്നത്.
ജനവാസ മേഖലയിലുണ്ടായ ഈ സായുധാക്രമണം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം ചന്ദ്രനഗറില്‍ ആക്രമണത്തിനെത്തിയവര്‍ 22 വയസ് പ്രായമുള്ളവരാണ്. സാധാരണ പാന്റും ഷര്‍ട്ടും ധരിച്ച് തലയില്‍ തൊപ്പിയും മുഖം തൂവാല കൊണ്ട് മറച്ചാണ് ആക്രമണത്തിനെത്തിയത്.