Connect with us

Ongoing News

പ്രൗഢം; ഗംഭീരം

Published

|

Last Updated

മര്‍കസ് നഗര്‍: ആഴമേറിയ ചര്‍ച്ചകള്‍ക്കാണ് മര്‍കസ് സമ്മേളനം വേദിയായത്. അക്കാദമിക് രംഗത്തെ വിദഗ്ധരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും അണിനിരന്ന സെഷനുകളില്‍ വര്‍ത്തമാനകാലത്തിന്റെ നാഡിമിടുപ്പുകള്‍ തൊട്ടറിഞ്ഞു. “വിദ്യാഭ്യാസത്തിന്റെ ലക്ഷ്യപ്രാപ്തി” എന്ന വിഷയത്തില്‍ നടന്ന സംവാദം ഈ രംഗത്തെ അനിവാര്യമാറ്റങ്ങളെ കുറിച്ചുള്ള അഭിപ്രായസ്വരൂപണത്തിന് വേദിയായി മാറി. അരാജകത്വത്തിലേക്ക് വഴി നടത്തുന്ന അരാഷ്ട്രീയതയെക്കുറിച്ച് ആശങ്കപ്പെട്ട സമ്മേളനം ഇതിന് പ്രതിരോധമാര്‍ഗം തേടേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി. മാധ്യമ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറും എസ് വൈ എസ് സംസ്ഥാനസെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയുമാണ് വിഷയാവതരണം നടത്തിയത്. വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയുടെ കാര്യകാരണങ്ങളിലേക്കാണ് ജയശങ്കര്‍ സംവാദത്തിന്റെ ദിശ നീക്കിയത്. വടക്കേ ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം കാന്തപുരം ഈ മേഖലയില്‍ നടത്തുന്ന വിദ്യാഭ്യാസ വിപ്ലവത്തെ പ്രകീര്‍ത്തിച്ചു. ചൈനയില്‍ പോയി വിദ്യാഭ്യാസം നേടണമെന്ന പ്രവാചക വചനം ഉള്‍ക്കൊള്ളുന്നവര്‍ ഇന്ന് വടക്കേ ഇന്ത്യയില്‍ പോയി വിദ്യാഭ്യാസം പകര്‍ന്ന് നല്‍കുകയാണ് വേണ്ടതെന്നായിരുന്ന ജയശങ്കറിന്റെ നിരീക്ഷണം.
വിദ്യാഭ്യാസ രംഗത്തെ അനിവാര്യമായി വേണ്ട പൊളിച്ചെഴുത്തുകളാണ് മാളിയേക്കല്‍ സുലൈമാന്‍ സഖാഫി മുന്നോട്ടുവെച്ചത്. ഇംഗ്ലീഷ് പഠനത്തോട് പുറംതിരിഞ്ഞ് നില്‍ക്കരുതെന്നും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളോടുള്ള ചിറ്റമ്മനയം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരാഷ്ട്രീയ ബോധം വളരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച അദ്ദേഹം ഭരണപ്രക്രിയയില്‍ കൂടി മര്‍കസ് വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉണ്ടാകണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു.
ഈ നിര്‍ദേശങ്ങളോട് അനുകൂല പ്രതികരണമാണ് സംവാദത്തില്‍ പങ്കെടുത്ത പ്രമുഖര്‍ നടത്തിയത്. അധ്യയന മാധ്യമം മലയാളമായിരിക്കെ തന്നെ മുഴുവന്‍ സ്‌കൂളുകളിലും ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠനം ആരംഭിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. അരാഷ്ട്രീയ ബോധം വ്യാപകമാകുന്നതാണ് സദാചാര പോലീസിംഗിന് കാരണമാകുന്നത്. വിദ്യാഭ്യാസ രംഗത്തെ കാഴ്ചപ്പാടുകള്‍ നവീകരിക്കണം. ഒരു ഭാഷയോടും അവഗണന കാണിക്കരുത്. തൊഴില്‍ സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള ഭാഷാപഠനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണം. ലോകത്തേക്കുള്ള കവാടം എന്ന നിലയില്‍ ഇംഗ്ലീഷിനെ അവഗണിക്കാനാവില്ല. അറബിയുള്‍പ്പെടെയുള്ള വിദേശ ഭാഷകളില്‍ സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാവും.
തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ശാസ്ത്ര മുന്നേറ്റം ഉപയോഗപ്പെടുത്തി ഒരു വിഭാഗം ശതകോടീശ്വരന്‍മാരാകുകയാണ്. ശാസ്ത്ര നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാന്‍ കഴിയണം. സംസ്ഥാനത്ത് മതേതരത്വ ജനാധിപത്യ ബോധമില്ലാത്ത തലമുറയെ വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. അരാഷ്ട്രീയത അരാജകത്വമുണ്ടാക്കും. ഇതാണ് സദാചാര പോലീസിംഗിന് വഴിവെക്കുന്നത്. സാഹോദര്യ ബന്ധവും സദാചാര ബോധവുമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്നത് മുതലാളിത്ത താല്‍പര്യമാണ്. ആരോടും കടപ്പാടില്ലാത്ത സമൂഹം വളര്‍ന്നു വരികയാണ്. അവനവനിസമാണ് അവരെ നയിക്കുന്നത്. രാഷ്ട്രീയം വേണ്ടെന്ന പ്രചാരവേലയാണ് നടത്തുന്നത്. രാഷ്ട്രീയ ബോധം നഷ്ടപെടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. മനുഷ്യന്‍ ഒന്നാണെന്ന ബോധം ഇല്ലാതാക്കി തമ്മിലടിപ്പിക്കുകയാണ് സാമ്രാജ്യത്വത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.
പുതിയ ആവശ്യങ്ങളെ കൂടി ഉള്‍ക്കൊള്ളും വിധത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ രീതിയെ പുനക്രമീകരിക്കണമെന്നായിരുന്നു സംവാദം ഉദ്ഘാടനം ചെയ്ത ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ നിലപാട്. അങ്ങിനെ വന്നാല്‍ അറബ് നാടുകളില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കാനെത്തുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രായോഗികമായി കാര്യങ്ങളെ നേരിടാന്‍ സഹായിക്കും വിധത്തിലുള്ള വിദ്യാഭ്യാസമാണ് നാം തിരഞ്ഞെടുക്കേണ്ടത്. മനസ്സിനെ ആന്തരികമായി ശുദ്ധീകരിക്കാത്ത വിദ്യാഭ്യാസം ഉപകാരപ്പെടുകയില്ല. കേരളം വിദ്യാഭ്യാസ രംഗത്ത് കുറെയേറെ ലക്ഷ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഇനിയും നമുക്കായിട്ടില്ല. മര്‍കസിന്റെ വളര്‍ച്ച തന്നെ സന്തോഷിപ്പിക്കുന്നതായും ഇ ടി പറഞ്ഞു. പാര്‍ലിമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ കെ വി തോമസ് എം പിയായിരുന്നു സംവാദത്തിലെ മുഖ്യാതിഥി. കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍, നോര്‍ത്ത് മംഗളുരു എം എല്‍ എ മൊയ്തീന്‍ ബാവ, ജെ ഡി ടി സെക്രട്ടറി സി പി കുഞ്ഞുമുഹമ്മദ്, കേരള പിന്നാക്കകമീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, പ്രൊഫ. കെ കോയട്ടി, ഉമറുല്‍ ഫാറൂഖ് സഖാഫി പ്രസംഗിച്ചു. ഡോ. മുഹമ്മദലി മാടായി പ്രമേയം അവതരിപ്പിച്ചു. എന്‍ അലി അബ്ദുല്ല മോഡറേറ്ററായിരുന്നു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും കെ എം അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest