വൈലത്തൂരിലെ ഗതാഗത കുരുക്കഴിക്കാന്‍ നടപടിയില്ല

Posted on: December 21, 2014 10:11 am | Last updated: December 21, 2014 at 10:11 am

കല്‍പകഞ്ചേരി: വൈലത്തൂര്‍ ടൗണില്‍ നിത്യ സംഭവമായ ഗതാഗത കുരുക്കഴിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല.
ഗ്രാമ പഞ്ചായത്ത്, പോലീസ് തുടങ്ങിയവരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കി കാര്യക്ഷമമാക്കി യാല്‍ ഗതാഗത കുരുക്കിന് മോചനമാകുമെന്നാണ് ഇവര്‍ ചൂണ്ടികാണിക്കപ്പെടുന്നത്. പൊന്മുണ്ടം പഞ്ചായത്തിന്റെയും കല്‍പകഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് ടൗണ്‍.
മുന്‍ പഞ്ചായത്ത് ഭരണസമിതി മുന്‍ കൈയെടുത്ത് പോലീസുമായി സഹകരിച്ച് ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതിന് അല്‍പായുസ് മാത്രമാണുണ്ടായത്. പിന്നീട് പഴയ പടിയായി. നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതി ഭരണം ഏറ്റെടുത്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ യാതൊരു പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാത്ത നിലപാട് പഞ്ചായത്ത് നിവാസികളില്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ജില്ലയിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ റോഡിനിടയിലാണ് ഈ ടൗണ്‍. തിരൂര്‍ ഭാഗത്ത് നിന്നും അത്യാസന്ന നിലയിലുള്ള രോഗികളുമായി വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകളും ഈ ഭാഗത്തെ ഗതാഗത സ്തംഭനത്തില്‍ അകപ്പെടുന്നത് നിത്യ കാഴ്ചയായി മാറിയിരിക്കുകയാണ്. ഇവിടത്തെ ഗതാഗത കുരുക്ക് നേരത്തെ വാഹനാപകടങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തില്‍ വേണമെന്നതാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.