കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികള്‍ 22ന് ഹാജരാകണം

Posted on: December 20, 2014 12:26 am | Last updated: December 21, 2014 at 8:19 am

p. krishnapillai (1)ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിലുള്‍പ്പെട്ട അഞ്ച് പേരും 22ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് ആലപ്പുഴ ജില്ലാ സെഷന്‍സ് ജഡ്ജി മേരി ജോസഫ് ഉത്തരവിട്ടു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ് ബി ചന്ദ്രന്‍, സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബു, സി പി എം, ഡി വൈ എഫ് ഐ നേതാക്കളായിരുന്ന ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
22ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങുന്ന ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കും. അന്ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെങ്കില്‍ മറ്റൊരു ദിവസം കൂടി ഇവരെ അന്വേഷണ സംഘത്തിന് വിളിച്ചു വരുത്താം. എന്നാല്‍, രണ്ടാമത് വിളിച്ചുവരുത്തുന്ന ദിവസം തന്നെ കേസ് നിലവിലുള്ള ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഇവരെ ഹാജരാക്കണമെന്നും ജില്ലാ സെഷന്‍സ് ജഡ്ജിന്റെ ഉത്തരവില്‍ പറയുന്നു.
കീഴടങ്ങിയ ശേഷം ഇവര്‍ക്ക് ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണസംഘത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സനല്‍കുമാര്‍ കോടതിയില്‍ ഹാജരായി. അഭിഭാഷകരായ ബി ശിവദാസ്, സജീവന്‍ പി റോയ് എന്നിവരാണ് പ്രതികളാക്കപ്പെട്ടവര്‍ക്ക് വേണ്ടി ഹാജരായത്.