Connect with us

Ongoing News

ഹയര്‍ സെക്കന്‍ഡറിയില്‍ ഹൈസ്‌കൂള്‍ ജീവനക്കാരുടെ സേവനം വിനിയോഗിക്കണം

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ജീവനക്കാരുടെ സേവനം വിനിയോഗിക്കാനും അതിന് വിസമ്മതിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ശുചീകരണവും ഓഫീസ് ജോലിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നുവെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍മാര്‍ സമര്‍പിച്ച ഹരജിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ ക്ലാര്‍ക്കിനെയും പ്യൂണിനെയും നിയമിക്കണമെന്ന ആവശ്യം സര്‍ക്കാറിന് ഭാരിച്ച അധികസാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി ഓഫീസിന്റെ പ്രവര്‍ത്തനത്തിന് ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും സേവനം ഹെസ്‌ക്കൂളില്‍ നിന്ന് ഉപയോഗപ്പെടുത്തും. ഇതിന് വിസമ്മതിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയിലെ ജോലി ചെയ്യാതെ ഹൈസ്‌ക്കൂള്‍ ജീവനക്കാര്‍ അലവന്‍സ് വാങ്ങുന്നുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി കേസ് തീര്‍പ്പാക്കി.

Latest