ലഖ്‌വി വീണ്ടും കസ്റ്റഡിയില്‍

Posted on: December 20, 2014 6:00 am | Last updated: December 20, 2014 at 12:05 am
SHARE

det_1219ഇസ്‌ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഷ്‌കറെ ത്വയ്ബ നേതാവ് സാഖിര്‍ റഹ്മാന്‍ ലഖ്‌വിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. മുംബൈ ആക്രമണക്കേസില്‍ ജാമ്യം ലഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുത്തത്.
ക്രമസമാധാനപാലന നിയമത്തിലെ സെക്ഷന്‍ 16 വകുപ്പ് പ്രകാരമാണ് മൂന്ന് മാസത്തേക്ക് കരുതല്‍ തടങ്കലിലാക്കുന്നതെന്ന് പ്രോസിക്യൂഷന്‍ മേധാവി ചൗധരി അസ്ഹര്‍ പറഞ്ഞു.
അതേസമയം ലഖ്‌വിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ലഖ്‌വിക്ക് ജാമ്യം നല്‍കിയ ഭീകരവിരുദ്ധ കോടതിയുടെ നടപടിക്കെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പാക് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലഖ്‌വിക്ക് കോടതി ജാമ്യം അനുവദിച്ചത്. ലഷ്‌കര്‍ ഇ ത്വയ്യിബയിലെ മുതിര്‍ന്ന നേതാവായി അറിയപ്പെടുന്നയാളാണ് ലഖ്‌വി. 2008 ഡിസംബറിലാണ് ലഖ്‌വിയെ മുംബൈ ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്തത്.
ലഖ്‌വി ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ ബുധനാഴ്ചയാണ് ജാമ്യത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്.