ആസ്‌ത്രേലിയക്ക് ലീഡ്

Posted on: December 19, 2014 9:53 pm | Last updated: December 19, 2014 at 11:54 pm

201195ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് 97 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ്. രണ്ട് ദിവസത്തെ കളി ശേഷിക്കേ ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടിയ ആതിഥേയര്‍ ഇതോടെ ടെസ്റ്റില്‍ മേല്‍ക്കൈ നേടി. രണ്ടാം ഇന്നിംഗിസില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 71 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ മുരളി വിജയ് ആണ് പുറത്തായത്. 27 റണ്‍സെടുത്ത വിജയിനെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കുകയായിരുന്നു. 26 റണ്‍സുമായി ധവാനും 15 റണ്‍സെടുത്ത പൂജാരയുമാണ് ക്രീസില്‍. ലീഡ് നേടാന്‍ ഇന്ത്യക്ക് 27 റണ്‍സ് കൂടി വേണം. നേരത്തെ നാലിന് 221 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആസ്‌ത്രേലിയക്ക് മുന്നില്‍ നിന്ന് നയിച്ച സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയും (133) മിച്ചല്‍ ജോണ്‍സന്റെ അര്‍ധ സെഞ്ച്വറി(88) യുമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒമ്പതാമനായി ഇറങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്കും അര്‍ധ സെഞ്ച്വറി (52) നേടി. മിച്ചല്‍ മാര്‍ഷിനെ (11) പുറത്താക്കി ഇശാന്ത് ശര്‍മയും ബ്രാഡ് ഹാഡിനെ (ആറ്) പുറത്താക്കി ഉമേഷ് യാദവും മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മേല്‍ക്കൈ നേടിത്തന്നു. എന്നാല്‍ ആറിന് 247 എന്ന സ്‌കോറില്‍ സ്മിത്തിനൊപ്പം എത്തിയ മിച്ചല്‍ ജോണ്‍സന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയത്. 93 പന്തില്‍ 88 റണ്‍സ് നേടിയ ജോണ്‍സണും സ്മിത്തും ചേര്‍ന്ന ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 148 റണ്‍സാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് കരുത്തായത്. സ്മിത്തിനെ ഇശാന്ത് ശര്‍മ ബൗള്‍ഡാക്കുകയായിരുന്നു. ധോണിയുടെ കൈകളിലെത്തിച്ചാണ് ജോണ്‍സനെ ഇശാന്ത് പുറത്താക്കിയത്. ഇരുവരും പുറത്തായ ശേഷവും പിടിച്ചു നിന്ന വാലറ്റക്കാര്‍ ആതിഥേയര്‍ക്ക് വ്യക്തമായ ലീഡ് നേടിക്കൊടുത്തു. സ്റ്റര്‍ക്കിനൊപ്പം നഥാന്‍ ലിയോണ്‍ (23), അവസാന ബാറ്റ്‌സ്മാന്‍ ജോഷ് ഹെയ്‌സല്‍വുഡ് (32 നോട്ടൗട്ട്) എന്നിവര്‍ മികച്ച പ്രകടനമാണ് വാലറ്റത്ത് കാഴ്ചവെച്ചത്. അവസാന രണ്ട് വിക്കറ്റിലുമായി 110 റണ്‍സാണ് വാലറ്റം അടിച്ചെടുത്തത്. ഇന്ത്യക്കായി ഇശാന്ത് ശര്‍മയും ഉമേശ് യാദവും മൂന്ന് വിക്കറ്റ് വീതം നേടി. വരുണ്‍ ആരോണും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.