Connect with us

Kerala

ക്ഷേത്രവളപ്പില്‍ ആര്‍ എസ് എസ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

കൊല്ലം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കൊല്ലം തൃക്കടവൂര്‍ ക്ഷേത്ര വളപ്പില്‍ ആര്‍ എസ് എസിന്റെ ആയുധ പരിശീലനം നടക്കുന്നതായും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിക്കുന്നതായും അന്വേഷണ റിപ്പോര്‍ട്ട്. ദേവസ്വം തെക്കന്‍ മേഖല വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിലും ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടിലുമാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഉള്ളത്. സംഭവത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നും കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. കൊല്ലം തൃക്കടവൂര്‍ ക്ഷേത്രവളപ്പിലെ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് തിരുവതാംകൂര്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൗരവതരമായ കണ്ടെത്തലുകള്‍ ഉള്ളത്. ക്ഷേത്രം ആര്‍ എസ് എസിന്റെ ആയുധ പരിശീലന കേന്ദ്രമായി മാറിയെന്നും സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ക്ഷേത്ര വളപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് കാട്ടി ദേവസ്വം തെക്കന്‍ മേഖല വിജിലന്‍സ് ഓഫീസര്‍ ബി എല്‍ വേണുഗോപാല്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓംബുഡ്‌സ്മാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആര്‍ എസ് എസ് ശാഖയുടെ പ്രവര്‍ത്തനത്തിന് നിലവിലുള്ള ഉപദേശക സമിതിയുടെ പൂര്‍ണ ഒത്താശ ഉണ്ടെന്നും വിജിലന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കടവൂര്‍ സ്വദേശി കൃഷ്ണകുമാറാണ് ആര്‍ എസ് എസ് ആയുധ പരിശീലനത്തിനെതിരെ ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തിന് മുമ്പ് കടവൂര്‍ ജംഗ്ഷനില്‍ നടന്ന കൊലപാതകത്തില്‍ ആര്‍ എസ് എസില്‍ ഉള്‍പ്പെട്ട ക്ഷേത്രോപദേശക സമിതി അംഗമായ ജി വിനോദ് പ്രതിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2012 ഫെബ്രുവരി ഏഴിന് പകല്‍ കടവൂര്‍ ജംഗ്ഷനില്‍ വെച്ച് ജയന്‍ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഈ ക്ഷേത്ര വളപ്പില്‍ നിന്ന് ആയുധങ്ങള്‍ എടുത്തുകൊണ്ടുവന്ന് ജയനെ വെട്ടിക്കൊന്നതിന് സാക്ഷികളുണ്ടെന്ന് ഓംബുഡ്‌സ്മാന് പരാതി നല്‍കിയ കൃഷ്ണകുമാര്‍ പറയുന്നു.
അതേസമയം, 25 വര്‍ഷത്തിലധികമായി ക്ഷേത്രത്തില്‍ ആര്‍ എസ് എസ് പരിശീലനം നടത്തുന്നുണ്ടെന്നും ഇത് നിരോധിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന സുജാത, നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ഓംബുഡ്‌സ്മാന് നല്‍കിയ വിശദീകരണം. എന്നാല്‍, സംഭവത്തില്‍ വിജിലന്‍സ് ഓഫീസറും ദേവസ്വം ഓംബുഡ്‌സ്മാനും റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസും സംസ്ഥാന ആഭ്യന്തരവകുപ്പും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Latest