Connect with us

Wayanad

യുഡിഎഫ് സര്‍ക്കാര്‍ രാജി വെച്ച് ജനവിധി തേടണമെന്ന് എന്‍ സി പി

Published

|

Last Updated

കല്‍പ്പറ്റ: അഴിമതിയും ജനദ്രോഹ നടപടിയും കാരണം ജനങ്ങളുടെ മുന്നില്‍ അപഹാസ്യരായ യുഡിഎഫ് സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മന്ത്രിമാരെക്കുറിച്ചും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിനെക്കുറിച്ചും ഇത്രുംനാള്‍ കേള്‍ക്കാത്ത ആരോപണങ്ങളാണ് ഭരണകക്ഷിയില്‍ ഉള്ളവര്‍തന്നെ നിയമസഭയിലും ഫുറത്തും പറയുന്നത്. ആരോപണം ഉന്നയിച്ച ഗണേഷ്‌കുമാറിന്റെ പേരില്‍ നടപടിയും കുറ്റക്കാരായ മന്ത്രിമാരെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് മുഖ്യമന്ത്രിയും യുഡിഎഫും സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോഴക്കേസില്‍ പ്രതിയായ കെ.എം. മാണിയുടെ വീട്ടില്‍ പോയി രാത്രിയില്‍ രഹസ്യ സംഭാഷണം നടത്തിയതില്‍ ദൂരൂഹതയുണ്ട്. കേരളത്തിലെ ഖജനാവ് കാലിയാണെങ്കിലും മന്ത്രിമാരുടെ വീട്ടില്‍ ഖജനാവ് നിറഞ്ഞ് കവിഞ്ഞുകൊണ്ടിരിക്കുകയാണ്. മദ്യനിരോധനത്തിന്റെ മാഹാത്മ്യമ നാടുനീളെ പറഞ്ഞ് നടന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ ഉമ്മന്‍ചാണ്ടിയും ബാര്‍ ഉടമകളും ചേര്‍ന്ന് ഒറ്റപ്പെടുത്തി. ആത്മാഭിമാനമുണ്ടെങ്കില്‍ വി.എം. സുധീരന്‍ രാജിവയ്ക്കണം. ആരോപണ വിധേയരായ മന്ത്രിമാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുന്നതിനും അവിഹിത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും അമിക്കസ്‌ക്യൂറിയെ നിയോഗിക്കണം. മദ്യ നിരോധനത്തെ എന്‍സിപി മുന്‍പെന്നപോലെ ഇപ്പോഴും അനുകൂലിക്കുന്നു. ബാറുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് മുന്‍കൈയ്യെടുക്കുന്നവര്‍ ചെയ്യേണ്ടത് ആരോഗ്യമേഖലയുടേയും വിദ്യാഭ്യാസമേഖലയുടേയും നിലവാരം ഉയര്‍ത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും ഉഴവൂര്‍ വിജയന്‍ ആവശ്യപ്പെട്ടു.
എന്‍സിപി മെമ്പര്‍ഷിപ് കാമ്പയിന്റെ ഭാഗമായി ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം. വാര്‍ത്താസമ്മേളനത്തില്‍ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഗോപിനാഥന്‍, ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമന്‍, പി.ആര്‍. മാധവന്‍ എന്നിവരും പങ്കെടുത്തു.

Latest