തീവ്രവാദം: പാക്കിസ്ഥാനില്‍ വധശിക്ഷ വീണ്ടും പ്രാബല്യത്തില്‍

Posted on: December 18, 2014 12:16 am | Last updated: December 18, 2014 at 12:16 am

പെഷാവര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കിയ തീരുമാനം പാക്കിസ്ഥാന്‍ പിന്‍വലിച്ചു. ചൊവ്വാഴ്ച പെഷാവറിലുണ്ടായ ആക്രമണത്തില്‍ 132 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
തീവ്രവാദ കേസുകളില്‍ വധശിക്ഷക്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം നീക്കുമെന്ന് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടന്‍ ശരീഫ് വ്യക്തമാക്കിയിരുന്നു. വധശിക്ഷക്കുള്ള മൊറട്ടോറിയം ഒഴിവാക്കണമെന്ന് സൈനിക മേധാവി റഹീല്‍ ഷെരീഫും ആവശ്യപ്പെട്ടിരുന്നു. ഭീകര പ്രവര്‍ത്തനത്തിന് വധശിക്ഷ നല്‍കുന്നതിന് മോറട്ടോറിയം അനുവദിച്ച നടപടി റദ്ദാക്കണമെന്ന് മന്ത്രിസഭാ സമിതിയുടെ ശിപാര്‍ശ ശരീഫ് അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, ഭീകരതയോട് യാതൊരു തരത്തിലുള്ള സന്ധിയും ചെയ്യില്ലെന്ന് നവാസ് ശരീഫ് വ്യക്തമാക്കി. സൈനിക സ്‌കൂളിനു നേര്‍ക്കുള്ള ആക്രമണം ഭീരുക്കളുടെ പ്രവൃത്തിയെന്ന് പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടമായത്.
ഇത്തരം ചെയ്തികള്‍ തീവ്രവാദവേട്ടയില്‍ സര്‍ക്കാറിന്റെ നിശ്ചയ ദാര്‍ഢ്യത്തിന് ഒരു പോറലുമുണ്ടാക്കില്ല. താലിബാനെതിരായ സൈനിക നടപടി നിര്‍ത്തിവെക്കില്ല.
രാജ്യത്ത് നിന്ന് തീവ്രവാദം പൂര്‍ണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പറഞ്ഞു. തീവ്രവാദത്തിനെതിരായി അടിയന്തരമായി നടപടി സ്വീകരിക്കാനാണ് യോഗം തീരുമാനിച്ചതെന്ന് നവാസ് ശരീഫ് പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ ഇതിനുള്ള പദ്ധതി തയ്യാറാക്കും.
ആഭ്യന്തരമന്ത്രി ചൗധരി നിസാറിന്റെ നേതൃത്വത്തിലുള്ള സര്‍വ കക്ഷി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി രൂപവത്കരിക്കും. സൈനിക പ്രതിനിധികളും മറ്റ് സുരക്ഷാ ഏജന്‍സികളും ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയായിരിക്കുമിത്. ഈ കമ്മിറ്റി ഉടന്‍ പദ്ധതി തയ്യാറാക്കുമെന്ന് നവാസ് ശരീഫ് പറഞ്ഞു.