കൊല്‍ക്കത്തയില്‍ യുവതിയെ ആഴ്ചകളോളം ബന്ദിയാക്കി പീഡിപ്പിച്ചു

Posted on: December 17, 2014 12:14 am | Last updated: December 17, 2014 at 12:14 am

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ യുബര്‍ ടാക്‌സയിലെ പീഡനത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ സ്ത്രീയെ ദിവസങ്ങളോളം ബന്ദിയാക്കി പീഡിപ്പിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ ബാഗോയാതിയിലാണ് കഴിഞ്ഞ മാസം എട്ടാം തീയതി മുതല്‍ മൂന്നാഴ്ചയോളം തുടര്‍ച്ചയായി മൂന്ന് പേര്‍ ചേര്‍ന്ന് ബന്ദിയാക്കി പീഡിപ്പിച്ചത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് പെണ്‍കുട്ടി ഇരയായതിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. ഡിസംബര്‍ ഒന്നിനാണ് പീഡനത്തിനിരയായ സ്ത്രീ തടവില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 12ന് പോലീസില്‍ പരാതി നല്‍കി. പ്രവേശ്, അഫ്‌സര്‍, പ്രശാന്ത് എന്നിവരെ പ്രതി ചേര്‍ത്താണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ മദ്യ ഷാപ്പില്‍ ജോലിചെയ്യുന്നവരാണ.് സംഭവം പുറത്തായതിനെ തുടര്‍ന്ന് മൂവരും ഒളിവില്‍ പോയതായാണ് സൂചന. പ്രതികള്‍ തോക്ക് ചൂണ്ടി നിരന്തരം പീഡിപ്പിക്കുകയും ക്യാമറയില്‍ ചിത്രം പകര്‍ത്തുകയും ചെയ്തതായി സ്ത്രീ പറഞ്ഞു. തട്ടികൊണ്ടുപോകല്‍, കൂട്ട മാനഭംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയതായി ഇരയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.