Connect with us

Kozhikode

ഷീ ടാക്‌സി അടുത്ത മാസം കോഴിക്കോട് നിരത്തിലിറങ്ങും

Published

|

Last Updated

കോഴിക്കോട്: സ്ത്രീസുരക്ഷിത യാത്രയൊരുക്കാന്‍ ഇനി ജില്ലയില്‍ അഞ്ച് വനിതകളെത്തും. സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് ആവിഷ്‌കരിച്ച ഷീ ടാക്‌സി പദ്ധതിയില്‍ ഡ്രൈവര്‍മാരാകാന്‍ അപേക്ഷ നല്‍കിയ 30 പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരാണ് ഇനി കോഴിക്കോടിന്റെ സ്ത്രീസുരക്ഷിത യാത്രക്ക് വളയം പിടിക്കുക.
ജനുവരി ആദ്യവാരത്തോടെ പിങ്കും വെള്ളയും നിറത്തിലുള്ള സ്ത്രീ സൗഹൃദ വാഹനം ജില്ലയില്‍ ഓടിത്തുടങ്ങും. യാത്രക്കാരോട് എങ്ങനെ പെരുമാറണം, തിരക്കേറിയ റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍, സ്ത്രീസുരക്ഷാ നിയമങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായ പരിശീലനം സിദ്ധിച്ച ഇവരാണ് ഇനി ജില്ലയിലെ ഷീ ടാക്‌സി നിയന്ത്രിക്കുക. വനിതാ വികസന കോര്‍പറേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയവരില്‍ നിന്ന് ഇന്റര്‍വ്യൂവിനും ഡ്രൈവിംഗ് ടെസ്റ്റിനും ശേഷം തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ക്ക് മാരുതി പ്രത്യേക ട്രെയിനിംഗും നല്‍കിയിട്ടുണ്ട്. യാത്രാവേളയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു വാഹനം എന്ന ആശയം നടപ്പാക്കിയത്.
സ്ത്രീകള്‍ക്കായി സ്ത്രീകള്‍ ഓടിക്കുന്ന ഷീ ടാക്‌സിയില്‍ 24 മണിക്കൂറും സേവനം ലഭിക്കും. സത്രീക്ക് ഒറ്റക്കോ കുടുംബമായോ ടാക്‌സിയില്‍ സഞ്ചരിക്കാം. ഇതിനകം തിരുവനന്തപുരത്തും കൊച്ചിയിലും ഷീ ടാക്‌സി ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് 20 ഉം കൊച്ചിയില്‍ എട്ടും പേരാണ് ഡ്രൈവര്‍മാരായുള്ളത്.