രാഷ്ട്രീയ ക്രിമിനലുകള്‍ ആക്രമിച്ച ഗൃഹനാഥന് പോലീസും നീതി നിഷേധിച്ചു

Posted on: December 16, 2014 12:04 am | Last updated: December 16, 2014 at 12:06 pm

തലശ്ശേരി: രാഷ്ട്രീയ ക്രിമിനലുകള്‍ കൈകാലുകള്‍ അടിച്ചുതകര്‍ത്ത ഗൃഹനാഥന് പോലീസും നീതി നിഷേധിക്കുന്നു. സെന്‍ട്രല്‍ വള്ള്യായിലെ അങ്കക്കളരിയില്‍ അനു നിവാസില്‍ രാഘവന്‍ (48) ഇക്കഴിഞ്ഞ നാലിന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ വൈരം പുലര്‍ത്തുന്ന എട്ടംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ച് കൈകാലുകള്‍ അടിച്ചൊടിക്കുകയായിരുന്നു.
മകന്‍ ഉള്‍പ്പെടെയുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് രാഘവനെ വളഞ്ഞിട്ട് തല്ലിച്ചതച്ചത്. ആക്രമണത്തില്‍ ഇടത് കൈയുടെയും വലതുകാലിന്റെയും എല്ല് പൊട്ടി. അന്ന് മുതല്‍ തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രാഘവന്‍. വിവരമറിഞ്ഞ് പിറ്റേന്ന് പാനൂര്‍ പോലീസ് ആശുപത്രിയിലെത്തിയിരുന്നെങ്കിലും ഈ സമയത്ത് രാഘവന്‍ ഓപറേഷന്‍ തിയേറ്ററിലായതിനാല്‍ മൊഴിയെടുക്കാനായില്ല.
അന്ന് തിരിച്ചുപോയ പോലീസുകാര്‍ സംഭവം കഴിഞ്ഞ് പന്ത്രണ്ടുനാള്‍ പിന്നിട്ടിട്ടും ആശുപത്രിയിലെത്തിയില്ല. വിദ്യാര്‍ഥികളായ രണ്ട് മക്കളും ഭാര്യയുമടങ്ങുന്നതാണ് രാഘവന്റെ കുടുംബം. കൂലിപ്പണിയെടുത്താണ് രാഘവന്‍ ഉപജീവനം കഴിക്കുന്നത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടിവരും.