മുന്‍ നിര ഓഹരികള്‍ വിറ്റുമാറാന്‍ തിടുക്കം

Posted on: December 15, 2014 11:43 am | Last updated: December 15, 2014 at 11:43 am

imagesവിദേശ ധനകാര്യസ്ഥാപനങ്ങള്‍ മുന്‍ നിര ഓഹരികള്‍ വിറ്റുമാറാന്‍ പ്രകടിപ്പിച്ച തിടുക്കം പ്രദേശിക നിക്ഷേപകരെ സമ്മര്‍ദത്തിലാക്കി. ഫണ്ടുകളുടെ നീക്കം മൂലം ബോംബെ സെന്‍സെക്‌സിനു മൂന്നര ശതമാനം ഇടിവ് നേരിട്ടു. സെന്‍സെക്‌സിനു കഴിഞ്ഞവാരം 1107 പോയിന്റെ ഇടിവ് നേരിട്ടപ്പോള്‍ നിഫ്റ്റിയില്‍ തകര്‍ച്ച 314 പോയിന്റാണ്. ബി എസ് ഇ മിഡ്കാപ്, സ്‌മോള്‍ കാപ് ഇന്‍ഡക്‌സുകള്‍ക്കും തിരിച്ചടി നേരിട്ടു. ഡിസംബറില്‍ നിഫ്റ്റി സൂചിക 4.68 ശതമാനം ഇടിഞ്ഞു. വിപണിയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ തളര്‍ച്ച തുടരാം.
നിഫ്റ്റി സൂചിക 8545-8219 പോയിന്റിലാണ് ചാഞ്ചാടിയത്. വാരാന്ത്യം സൂചിക 8224 ലാണ്. ഈവാരം 8439-8655 ല്‍ പ്രതിരോധവും 8113-8003 താങ്ങുമുണ്ട്.സെന്‍സെക്‌സ് 28,488 വരെ കയറിയ അവസരത്തിലാണ് വിപണിയെ വില്‍പ്പന സമ്മര്‍ദം പിടികൂടിയത്. ഇതോടെ സൂചിക 27,328 വരെ താഴ്ന്ന ശേഷം വാരാന്ത്യക്ലോസിംഗ് വേളയില്‍ 27,350 ലാണ്.
ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡക്‌സ് പിന്നിട്ട വാരം 7.2 ശതമാനം ഇടിഞ്ഞു. റിയാലിറ്റി, സ്റ്റീല്‍, പവര്‍, ടെക്‌നോളജി വിഭാഗം ഓഹരികളും വില്‍പ്പന സമ്മര്‍ദത്തിന്റെ പിടിലായിരുന്നു. ഒ എന്‍ ജി സി, ആര്‍ ഐ എല്‍, ഗെയില്‍ തുടങ്ങിവയുടെ നിരക്ക് ഏഴ് മുതല്‍ പത്ത് ശതമാനം വരെ ഇടിഞ്ഞു. ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ, ഇന്‍ഫോസീസ്, വിപ്രോ, റ്റി സി എസ്, എസ് ബി ഐ, എച്ച് ഡി എഫ് സി, കോള്‍ ഇന്ത്യ തുടങ്ങിയ മുന്‍ നിര ഓഹരികളെല്ലാം തളര്‍ച്ചയിലാണ്.
നവംബറിലെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ നിരക്ക് ഇന്ന് പുറത്തുവരും.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ മുലം 62.54 ലേക്ക് ഇടിഞ്ഞശേഷം 62.29 ലാണ്. ക്രൂഡ് ഓയില്‍ അഞ്ചു വര്‍ഷത്തെ താഴ്ന്ന വിലയായ വീപ്പ്ക്ക് 57 ഡോളറിലാണ്. ഒരു വിഭാഗം വിദേശ ഫണ്ടുകള്‍ നിക്ഷേപകരായി നിലകൊണ്ടു. കഴിഞ്ഞവാരം അവര്‍ 3084 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക 315 പോയിന്റ് ഇടിഞ്ഞ് 17, 280 ലും എസ് ആന്‍ഡ് പി ഇന്‍ഡക്‌സ് 2002 ലും നാസ്ഡാക് 4653 ലുമാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1221 ഡോളറിലാണ്.