പ്രതിപക്ഷ അംഗങ്ങള്‍ തീര്‍ഥയാത്രയില്‍; മദ്യശാലക്ക് അനുമതി നീക്കം

Posted on: December 15, 2014 10:43 am | Last updated: December 15, 2014 at 10:43 am

മുക്കം: രണ്ട് തവണ അപേക്ഷ തള്ളിയ മുക്കം പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മലയോരം ഗേറ്റ്‌വേ ഹോട്ടലിന് മദ്യശാലക്കുള്ള അനുമതി നല്‍കാന്‍ നീക്കം. ഗ്രാമപഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ എ എം അഹമ്മദ്കുട്ടി ഹാജി ഉംറക്കും കോണ്‍ഗ്രസ് അംഗം സജീഷ് മുത്തേരി ശബരിമലക്കും യാത്രാവധിയിലായ സമയത്താണ് നാളെ നടക്കുന്ന യോഗത്തില്‍ അനുമതിക്കുള്ള അപേക്ഷ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 ാം തീയതിയാണ് മൂന്നാം തവണ അപേക്ഷ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. പിറ്റേന്ന് തന്നെ ഇത് അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് ആലോചനക്ക് സമയം നല്‍കാതെയും അംഗങ്ങള്‍ അവധിക്ക് പോയ സമയത്തും യോഗം വിളിച്ചതും വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയതും വിവാദമായിട്ടുണ്ട്. മദ്യശാലക്ക് നേരത്തെ രണ്ട് തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി നിഷേധിക്കുകയായിരുന്നു. ബാര്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ എ എം അഹമദ്കുട്ടി ഹാജി ഇന്നലെയാണ് ഉംറക്ക് പുറപ്പെട്ടത്.
അതേസമയം ബോര്‍ഡ് യോഗം നടക്കുന്ന നാളെ രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ജനകീയ ധര്‍ണ നടത്താന്‍ ബാര്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. കണ്‍വീനര്‍ വാലത്തില്‍ അറുമുഖന്‍ അധ്യക്ഷത വഹിച്ചു. എ എം അബ്ദുല്ല, സലാം നടുക്കണ്ടി, എ കെ സിദ്ദീഖ്, യൂനുസ് പുത്തലത്ത്, ദാമോദരന്‍ കോഴഞ്ചേരി പ്രസംഗിച്ചു.
അതേസമയം മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ ആസൂത്രണം ചെയ്ത യാത്രയാണിതെന്നും മദ്യഷാപ്പിന് അനുമതി നല്‍കാന്‍ ഇവര്‍ വഴിയൊരുക്കുകയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ പ്രതിരോധിച്ച് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് മുക്കം പഞ്ചായത്ത് കമ്മിറ്റികള്‍ പത്രക്കുറിപ്പുകളിറക്കിയിട്ടുണ്ട്. യോഗ നോട്ടീസ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും പലരുടെയും വീടുകളില്‍ പതിക്കുകയും ചെയ്‌തെന്ന പരാതിയും ഉയര്‍ത്തിയിട്ടുണ്ട്. 21 അംഗങ്ങളില്‍ 10 പേര്‍ എല്‍ ഡി എഫും 9 പേര്‍ യു ഡി എഫും ഓരോരുത്തര്‍ ബി ജെ പി, ജനപക്ഷ മുന്നണി അംഗങ്ങളുമാണ്. നാളെ നടക്കുന്ന യോഗത്തില്‍ രണ്ടംഗങ്ങളുടെ ഹാജരില്ലായ്മ വോട്ടിംഗില്‍ എല്‍ ഡി എഫിന് ഗുണകരമാകും. നേരത്തെ നടന്ന ചര്‍ച്ചകളിലെല്ലാം എല്‍ ഡി എഫ് അംഗങ്ങള്‍ക്ക് കടുത്ത സമ്മര്‍ദ്ദം മൂലമാണ് അനുമതിക്കെതിരെ നിലപാടെടുക്കേണ്ടി വന്നത്. അതിന് നേതൃത്വം നല്‍കിയത് ചെയര്‍മാന്‍ കൂടിയായ ലീഗിലെ എ എം അഹമ്ദ്കുട്ടി ഹാജിയായിരുന്നു.