കാലാവസ്ഥാ വ്യതിയാനം: ലിമ ഉച്ചകോടിയില്‍ സമവായം

Posted on: December 15, 2014 4:38 am | Last updated: December 15, 2014 at 9:40 am

skyലിമ(പെറു): മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ യു എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറച്ച് കൊണ്ടു വരുന്നതിനുള്ള കരട് പ്രമേയത്തില്‍ അംഗരാജ്യങ്ങള്‍ സമവായത്തിലെത്തിയതോടെ പാരീസില്‍ അടുത്ത വര്‍ഷം നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അന്തിമ കരാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയേറി. ഇപ്പോള്‍ ധാരണയിലെത്തിയ കരടില്‍ ഇന്ത്യയുടെ ആശങ്കകളും അഭിപ്രായങ്ങളും കാര്യമായി പരിഗണിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി സഹമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കാര്‍ബര്‍ പുറന്തള്ളുന്നത് കുറച്ച് കൊണ്ടു വരികയെന്നത് നിയമപരമായ ബാധ്യതയാക്കണമെന്നതാണ് അതില്‍ പ്രധാനം.
അതേസമയം, നിരവധി വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്ത കരടാണ് നിലവില്‍ വന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ അനന്തമായി നീണ്ടതോടെ സമ്മേളനത്തിന്റെ അധ്യക്ഷനും പെറു പരിസ്ഥിതി മന്ത്രിയുമായ മാനുവല്‍ പല്‍ഗാര്‍ വിദല്‍ കരട് അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതുപ്രകാരം 2015ല്‍ അന്തിമ കരാര്‍ ഒപ്പു വെക്കുകയും 2020ല്‍ അത് നിലവില്‍ വരികയും ചെയ്യും. പാരീസില്‍ നടക്കുന്ന ചര്‍ച്ചയില്‍ കരാര്‍ നിലവില്‍ വരുന്നതിന് പെറു ഉച്ചകോടി നിര്‍ണായകമായിരുന്നു. ഇന്നലെ സമവായമായെങ്കിലും അന്തിമ കരാറിലേക്ക് ഇനിയും നിരവധി ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. അടുത്തവര്‍ഷം ഡിസംബറിലാണ് പാരീസ് ഉച്ചകോടി.
കരട് ടെക്സ്റ്റ് പൂര്‍ണമാണെന്ന് അഭിപ്രായമില്ല. എന്നാല്‍ എല്ലാ അംഗങ്ങളുടെയും നിലപാടുകള്‍ ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്- പല്‍ഗാര്‍ പറഞ്ഞു. കരട് പ്രഖ്യാപിച്ച ശേഷം ഒരു മണിക്കൂര്‍ വിശകലനത്തിനായി അനുവദിച്ചിരുന്നു. അതിന് ശേഷം നിലവില്‍ വന്ന ഭേദഗതികളോടെയാണ് കരട് അംഗീകരിച്ചത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ക്കായി പണം നീക്കിവെക്കുന്നതിന് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് തരംതിരിവ് വേണമെന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ദ്വീപ് രാഷ്ട്രങ്ങളുടെ അഭ്യര്‍ഥന പ്രകാരം കരടിന്റെ ആമുഖത്തിലും മാറ്റം വരുത്തി.