Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ രാഷ്ട്രീയ കക്ഷികള്‍ ഒന്നിക്കണമെന്ന് ചെന്നിത്തല

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മാവോവാദികളുടെ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളെ തടയാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
തൊണ്ടര്‍നാട് പഞ്ചായത്തില്‍ ചാപ്പ കോളനിക്ക് സമീപം പോലീസ്-മാവോവാദി ഏറ്റുമുട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കല്‍പ്പറ്റ സിവില്‍സ്റ്റേഷനില്‍ ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷി പ്രതിനിധികളും അടങ്ങുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോവാദി ഭീഷണി ജില്ലയില്‍ ഇല്ല, എന്നാല്‍ അവസരങ്ങള്‍ മുതലാക്കി ആദിവാസികള്‍ പോലുള്ള ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് മാവോവാദികള്‍ നടത്തുന്നത്. ഇതിന് തടയിടണം. ഇതിനായി രണ്ട് തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ആദ്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോലീസ് സംവിധാനത്തെ ശക്തിപ്പെടുത്തും. മലയോര മേഖലകളിലെ ഓരോ പോലീസ് സ്റ്റേഷനിലും അധിക സേനാംഗങ്ങളെ നിയമിക്കുന്നതും അത്യാധുനിക ആയുധങ്ങളും വാഹന സൗകര്യങ്ങളും ഒരുക്കുന്നതും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കും. സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
രണ്ടാമതായി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുള്‍പ്പെടെ ജില്ലയില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ആദിവാസികള്‍ക്ക് ഭൂമി നല്‍കുക, തൊഴില്‍ ഉറപ്പാക്കുക തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. എല്ലാ പട്ടികവര്‍ഗ്ഗ ജനവാസ മേഖലകളിലെയും സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഇവിടങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ പൊതുജനങ്ങളുമായി സുഗമമായി സംവദിക്കുന്നതിന് സാധ്യമായ ജനമൈത്രി സ്റ്റേഷനുകളാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എ.മാരായ എം.വി. ശ്രേയാംസ്‌കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. ആലി, അഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി. എ. ഹേമചന്ദ്രന്‍, ഉത്തരമേഖലാ എ.ഡി.പി.ജി. ശങ്കര്‍റെഡ്ഡി, കണ്ണൂര്‍ ഡി.ഐ.ജി. ദിനേന്ദ്രകശ്യപ്, ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest