Connect with us

Ongoing News

അഫ്ഗാനില്‍ ചാവേര്‍ ആക്രമണം; 12 മരണം

Published

|

Last Updated

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ ബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘത്തില്‍പ്പെട്ട 12 പേരെ കൊലപ്പെടുത്തി. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും താലിബാന്‍ ഏറ്റെടുത്തിട്ടില്ല. ഹെല്‍മന്ദ് പ്രവിശ്യയിലെ ശോറാബ് ക്യാമ്പിലാണ് ആക്രമണം നടന്നതെന്ന് അഫ്ഗാന്‍ പോലീസ് വക്താവ് ഫരീദ് അഹ്മദ് ഉബൈദ് പറഞ്ഞു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റതായി ക്യാമ്പില്‍ ജോലി ചെയ്യുന്ന സൈനിക കമാന്‍ഡര്‍ ഗുലാം ഫാറൂഖ് പര്‍വാനി ചൂണ്ടിക്കാട്ടി. ആക്രമണത്തിന് വിധേയരാകുമ്പോള്‍ ഇവര്‍ നാദ് അലി ജില്ലയിലേക്ക് യാത്രചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ അഫ്ഗാന്‍ സൈന്യവും വ്യോമ സേനയും കനത്ത തിരിച്ചാക്രമണം നടത്തി. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും മൂന്ന് പേരെ തടവിലാക്കിയതായും അഫ്ഗാന്‍ സൈന്യം വ്യക്തമാക്കി.
നാറ്റോ സഖ്യസേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ വലിയ ഭീഷണിയാണ് ഇവിടുത്തെ സൈന്യം നേരിടാനിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തികച്ചും സുരക്ഷിതമല്ലാത്ത ഭാഗങ്ങളില്‍ ജീവിക്കുന്ന അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരായ ആളുകളുടെ ജീവിതം അപകടത്തിലായിരിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.