വനം വകുപ്പിന്റെ കുടിയിറക്ക് ഭീഷണി നേരിട്ട് ആയിശണ്ണി

Posted on: December 13, 2014 10:38 am | Last updated: December 13, 2014 at 10:38 am

കാളികാവ്: വനം വകുപ്പ് കൊടുത്ത കുടിയറക്ക് നോട്ടീസ് സൃഷ്ടിച്ച ഭീഷണിയില്‍ പകച്ച് നില്‍ക്കുകയാണ് കല്ലാമൂല വള്ളിപ്പൂളയിലെ വടക്കേങ്ങര ആയിശണ്ണിയും കുടുംബവും. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ആയിശണ്ണിയുടെ കുടുംബത്തിന് കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് വനം വകുപ്പിന്റെ ഒഴിപ്പിക്കല്‍ നാട്ടീസ് ലഭിച്ചത്.
മറ്റ് 12 കുടുംബങ്ങള്‍ക്കൊപ്പമാണ് ദരിദ്ര കുടുംബാംഗമായ ആയിശണ്ണിക്കും നോട്ടീസ് ലഭിച്ചത്. ഒരു മാസത്തിനകം ഒഴിയണമെന്നാണ് നോട്ടീസ് നാല് പെണ്‍മക്കളടക്കം ആറ് പേരടങ്ങിയ കുടുംബം പതിറ്റാണ്ടുകളായി ഇവിടെ ഒരു കൂര വെച്ച് കഴിയുകയാണ്. 1976 മുതല്‍ നികുതിയടച്ച് വന്ന സ്ഥലത്തിന് പത്ത് വര്‍ഷം മുമ്പ് നികുതി സ്വീകരിക്കാതിരിക്കുകയായിരുന്നു അധികൃതര്‍. വീടിന് പഞ്ചായത്ത് നമ്പര്‍ ലഭിച്ചതിനാല്‍ വൈദ്യുതി കണക്ഷനും നിലവില്‍ ഉണ്ട്. എന്നാല്‍ 2000 ത്തില്‍ ഇവരുടെ ഭുമി വനം വകുപ്പിന്റേതെന്ന് പറഞ്ഞ് പിന്നീട് നികുതി സ്വീകരിക്കുന്നത് നിര്‍ത്തി. ഇവരടക്കം മിക്കപോരും വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് താമസിക്കുന്നത്. നികുതി സ്വീകരിക്കാത്തതിനാല്‍ ഉള്ള കൂര പൊളിച്ച് പുതുക്കി നിര്‍മിക്കാന്‍ പഞ്ചായത്തില്‍ നിന്നും ആയിശണ്ണിക്ക് സഹായം ലഭിച്ചില്ല. ഇതോടെ വീടിന്റെ പിന്‍ഭാഗം ജീര്‍ണിച്ച് നിലംപൊത്തി വീഴാറായി നില്‍ക്കുകയാണ്. ഇതിനിടയില്‍ വന്ന കുടിയിറക്ക് ഭീഷണിയെ എങ്ങനെ നേരിടണമെന്ന് ആയിശണ്ണിക്ക് യാതൊരു നിശ്ചയവുമില്ല.
സാന്ത്വനവുമായി പലരാഷ്ട്രീയക്കാരും വീട്ടില്‍ എത്തുന്നുണ്ടെങ്കിലും വീട്ടില്‍നിന്നും ഇറങ്ങി പ്പോവേണ്ടുന്ന ഭീഷണി ഒഴിവാക്കി കിട്ടുമോ എന്നാണ് ഈ വൃദ്ധ ചോദിക്കുന്നത്. മുമ്പും വനം വകുപ്പ് ഇവരോട് ഒഴിയാനായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ സ്ഥലത്ത്‌നിന്നും ഒഴിയാന്‍ രജിസ്റ്റര്‍ നോട്ടീസാണ് വന്നിരിക്കുന്നത്‌