Connect with us

Kozhikode

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവം: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്

Published

|

Last Updated

വടകര: വളയം കല്ലുനിര വാടപ്പൊയില്‍ സുനില്‍കുമാറിനെ കള്ളക്കേസില്‍ കുടുക്കാന്‍ അന്യായമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് പരുക്കേല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2014 ഏപ്രില്‍ 13ന് കോയമ്പത്തൂരില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണവും പണമടങ്ങിയ ബാഗും നഷ്ടപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അതേ ദിവസം ഈ ബസില്‍ യാത്ര ചെയ്ത സുനില്‍കുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനോടനുബന്ധിച്ച് കാറില്‍ വെച്ചും സി ഐ ഓഫീസില്‍ വെച്ചും ക്രൂരമായി മര്‍ദിച്ച് കുറ്റസമ്മതം നടത്താന്‍ ആവശ്യപ്പെട്ടതായും ഭാരവാഹികള്‍ പറഞ്ഞു. ഫോണ്‍ തന്റേത് തന്നെയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത പോലീസിന് മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ ബില്ലും കവറും കോയമ്പത്തൂരില്‍ നിന്നും സുഹൃത്തുകള്‍ മുഖേന വാട്‌സ് അപ്പിലൂടെ അയച്ചുകൊടുത്തപ്പോഴാണ് അബന്ധം മനസ്സിലായത്. തുടര്‍ന്ന് ഇതിന്റെ പേരില്‍ കുഴപ്പമുണ്ടാക്കരുതെന്ന് പറഞ്ഞ് പോലീസ് വിട്ടയക്കുകയായിരുന്നു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്തെതിരെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷന്‍, ഡി ജി പി എന്നിവര്‍ക്ക് പരാതി നല്‍കിയതായും പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലയില്‍ ഈ മാസം 17ന് വൈകീട്ട് അഞ്ച് മണിക്ക് വളയം കല്ലുനിരയില്‍ സര്‍വകക്ഷി പൊതുയോഗവും പിന്നീട് വടകര സി ഐ ഓഫീസിന് മുന്നില്‍ സത്യാഗ്രഹവും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എ പി പ്രതീഷ്, കണ്‍വീനര്‍ കെ പി കുഞ്ഞിക്കണ്ണന്‍, സി എച്ച് രജനീഷ് പങ്കെടുത്തു.

Latest