Connect with us

International

മൂസ്വില്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം തയ്യാറെടുക്കുന്നു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ മൂസ്വിലില്‍ നിന്നും ഇസില്‍ തീവ്രവാദികളെ തുരത്തി നഗരം തിരിച്ചു പിടിക്കാന്‍ ഇറാഖ് സൈന്യം തയ്യാറെടുക്കുന്നതായി ഇറാഖ് ധനമന്ത്രി ഹോശിയാര്‍ സെബ്‌രി അല്‍ ജസീറ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ സൈനിക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണ പദ്ധതിയുടെ വിജയം ഇറാഖ് സൈന്യവും അമേരിക്കയുടെ നേത്യത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യവുമായുള്ള ഏകോപനത്തെ ആശ്രയിച്ചിരിക്കുമെന്നും സെബ്‌രി പറഞ്ഞു. ഇസിലിനെതിരായി പോരാടുന്ന യു എസ് ഉദ്യോഗസ്ഥര്‍ ലക്ഷ്യം കാണാന്‍ വര്‍ഷങ്ങളെടുക്കുമെന്ന പ്രവചനത്തോട് യോജിക്കാന്‍ തനിക്കാവില്ലെന്നും മൂസ്വിലുകാരനായ അദ്ദേഹം പറഞ്ഞു. ഇസിലിനെതിരെ എത്രയും പെട്ടെന്ന് സൈനിക നടപടി തുടങ്ങുകയാണ് നല്ലതെന്നും സമയം പാഴാക്കുന്നത് പോരാട്ടം ദുഷ്‌കരമാക്കുമെന്നും മൂസ്വിലിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ നവംബറില്‍ പറഞ്ഞിരുന്നു.
നഗരത്തിന് ചുറ്റും വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ കുര്‍ദ് സേന സുപ്രധാന മുന്നേറ്റം നടത്തിയതായി സെബ്‌രി പറഞ്ഞു.
മൂസ്വിലില്‍ നിന്നും തിക്‌രീത്തില്‍ നിന്നുമായി 500 ദശലക്ഷം ഡോളറിന്റെ മോഷണം ഇസില്‍ നടത്തിയതായി ഇസില്‍ നിയന്ത്രണത്തിലാക്കിയ ബേങ്കുകളുടെ കണക്ക് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. എണ്ണ കള്ളക്കടത്തിലൂടെയടക്കം ഇസില്‍ സ്വന്തമാക്കിയ സാമ്പത്തിക ശേഷി തകര്‍ക്കാന്‍ ഇറാഖ് ശ്രമിക്കുകയാണ്. ഇറാഖിലും സിറിയയിലുമായി കൈയടക്കിയ എണ്ണപ്പാടങ്ങളില്‍നിന്നും ട്രക്കുകളിലും മധ്യസ്ഥരും മുഖേന എണ്ണ തുര്‍ക്കിയിലേക്കും മറ്റ് രാഷ്ട്രങ്ങളിലേക്കും ഇസില്‍ കടത്തുകയാണ്. ഈ സാമ്പത്തിക ഉറവിടങ്ങള്‍ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തുന്നതെന്നും സെബ്‌രി പറഞ്ഞു.

Latest