Connect with us

Wayanad

ഓഡിറ്റോറിയം ഉദ്ഘാടനം നാളെ; വികസനവഴിയില്‍ കല്‍പ്പറ്റ ഗവ. കോളജ്‌

Published

|

Last Updated

കല്‍പ്പറ്റ: വികസനവഴിയില്‍ പുതിയ മുന്നേറ്റങ്ങളുമായി കല്‍പ്പറ്റ എന്‍ എം എസ് എം ഗവ കോളജ്. വിദ്യാര്‍ഥികളുടെ ചിരകാലാഭിലാഷമായ ഓഡിറ്റോറിയമെന്ന സ്വപ്‌നം നാളെ പൂവണിയുകയാണ്. പൊതുമരാമത്ത് വകുപ്പ് 1.64 കോടി രൂപ ചെലവില്‍ കല്‍പ്പറ്റ ഗവ. കോളജില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ടെസിയാമ്മ മാത്യൂ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവില്‍െ 11ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
600 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം അഞ്ച് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
1981-ല്‍ ഒരു ഷെഡ്ഡില്‍ വിരലിലെണ്ണാവുന്ന കുട്ടികളുമായി തുടങ്ങിയ കോളജ് പതിറ്റാണ്ടുകള്‍ക്കൊടുവില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആധുനിക കലാലയമായി കഴിഞ്ഞു. ഹിസ്റ്ററി ബിരുദം മാത്രമുണ്ടായിരുന്ന കോളജില്‍ ഇന്ന് കൊമേഴ്‌സ്, മാസ് കമ്മ്യൂണിക്കേഷന്‍, ഇക്കോണിമിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ ബിരുദ്ധകോഴ്‌സുകളും കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും ആരംഭിച്ചു.
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകമായ കഴിവുകളും മറ്റും കോളജിന്റെ പ്രശ്‌സ്തി മറ്റുള്ള സ്ഥലങ്ങളിലുമെത്തിച്ചു. മികച്ച കോളജ് മാഗസിനുള്ള ചീഫ് എഡിറ്റേഴ്‌സ് ട്രോഫി കരസ്ഥമാക്കിയ മാങ്ങാണ്ടിക്ക് കൂട്ടു പോകുമോ എന്ന മാഗസിന്‍ ഇതിനുദ്ദാഹരണമാണ്. ഇന്ന് ലേഡീസ് ഹോസ്റ്റല്‍, വലിയ മൈതാനം, എന്നിങ്ങനെയുള്ള സൗകര്യങ്ങളൊരുക്കി മുഖംമിനുക്കി നില്‍ക്കുകയാണ് കോളജ്. കലാലയത്തില്‍ എന്‍ എസ് എസ്, എന്‍ സി സി തുടങ്ങിയവയും, അതുമായി ബന്ധപ്പെട്ട നിരവധി ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വയനാട്ടിലെ ആദ്യ ക്യാംപസ് റേഡിയോയും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. അക്ഷരങ്ങള്‍ക്കൊപ്പം അറിവിന്റെ ഖനി പകര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിശാലമായ ലൈബ്രറിയും ഈ കലാലയത്തിലുണ്ട്. കൂടാതെ നൂതന സാങ്കേതിക വിദ്യയായ ഇന്റര്‍നെറ്റ്. വൈഫൈ സൗകര്യങ്ങളുള്ള ലാബുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട് ക്ലാസ് റൂം വരെ ഇന്നിവിടെയുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പി ടി എ വൈസ് പ്രസിഡന്റ് മോഹന്‍ദാസ്, അധ്യാപകരായ സി അക്ബര്‍, ഡോ. സജി കുറുപ്പ് തുടങ്ങിയവരും പങ്കെടുത്തു.