അധ്യാപക പുനര്‍വിന്യാസമായി; ഈ വര്‍ഷം മുതല്‍ 1:45 അനുപാതത്തില്‍ തസ്തിക നിര്‍ണയം

Posted on: December 12, 2014 2:09 am | Last updated: December 11, 2014 at 11:10 pm

തിരുവനന്തപുരം: തസ്തിക നിര്‍ണയത്തില്‍ അധികമായി കണ്ടെത്തി അധ്യാപകബേങ്കില്‍ ഉള്‍പ്പെടുത്തിയവരുടെ പുനര്‍വിന്യാസം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അധ്യാപകബേങ്ക് സംബന്ധിച്ച് പുതുക്കിയ നിര്‍ദേശങ്ങളടങ്ങിയതാണ് ഉത്തരവ്. കഴിഞ്ഞ മന്ത്രിസഭായോഗം അധ്യാപക പാക്കേജിനും ബേങ്കിനും അംഗീകാരം നല്‍കിയിരുന്നു.
അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:45 അടിസ്ഥാനമാക്കിയായിരിക്കും ഈ അധ്യയനവര്‍ഷം മുതല്‍ തസ്തിക നിര്‍ണയം. എന്നാല്‍ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2010-11 നുശേഷം 2013-14 വരെ നടത്തിയ നിയമനങ്ങളില്‍ അധ്യാപക- വിദ്യാര്‍ഥി അനുപാതം എല്‍ പി സ്‌കൂളുകളില്‍ 1:30, യു പി, ഹൈസ്‌കൂളുകളില്‍ 1:35 ആയിരിക്കും. 2011 മാര്‍ച്ചിനുമുമ്പ് നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റത്തവണ മാത്രമുള്ള താത്കാലിക നടപടി മാത്രമാണ് അധ്യാപക ബേങ്കെന്നതിനാല്‍ ബേങ്കില്‍ ഇനി ആരെയും അധികമായി ഉള്‍പ്പെടുത്തില്ല. അധ്യാപക ബേങ്കിലേക്കു മാറ്റുന്ന അധ്യാപകരുടെ ലിസ്റ്റ് എയ്ഡഡ്, സര്‍ക്കാര്‍ മേഖലകളില്‍ പ്രത്യേകം തയ്യാറാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി യു ഐ ഡിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. രേഖകളില്‍ കൃത്രിമത്വം കാണിക്കുന്നവരെ ബേങ്കില്‍നിന്ന് ഒഴിവാക്കും. ഇതുമൂലമുള്ള നഷ്ടം മാനേജരുടെ ബാധ്യതയായി കണക്കാക്കി റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. എല്ലാ കുട്ടികളുടെയും യു ഐ ഡി പ്രകാരമുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ജോലി 2015 മാര്‍ച്ച് 28നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. അതുവരെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ യു ഐ ഡി അനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ള തസ്തിക നിര്‍ണയ ഉത്തരവുകള്‍ നിലനില്‍ക്കും. യു ഐ ഡി അനുസരിച്ചു നടത്തിയ 2014-15 ലെ തസ്തിക നിര്‍ണയത്തില്‍ ഡിവിഷനുകളും തസ്തികളും 2010- 11 ലെ തസ്തികനിര്‍ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014- 15 ലെ തസ്തികനിര്‍ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്തികകളും മാത്രമേ അനുവദിക്കൂ. നേരേമറിച്ച് യു ഐ ഡി അനുസരിച്ച് 2014-15 ലെ തസ്തിക നിര്‍ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തിക നിര്‍ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും.
ദീര്‍ഘകാല അവധി, സ്ഥലംമാറ്റം, ഒരംഗീകൃത തസ്തികയില്‍നിന്നും മറ്റൊരു അംഗീകൃത തസ്തികയിലേക്കു സ്ഥലമാറ്റം എന്നിവ മൂലമുണ്ടാകുന്ന നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കും. എന്നാല്‍ ഇത് 2011 മാര്‍ച്ച് 31നു മുമ്പ് നിലനിന്നിരുന്ന അംഗീകൃത തസ്തികകള്‍ക്കു മാത്രമായിരിക്കും. ഒരുവര്‍ഷത്തില്‍ കൂടുതലുള്ള ദീര്‍ഘകാല നിയമനങ്ങള്‍ക്ക് അധികതസ്തിക 1:45 പ്രകാരം അനുവദിക്കും. 2011- 12 നും, 2014-15 നും ഇടയില്‍ അധികതസ്തികക്ക് അര്‍ഹത ഉണ്ടായിരുന്ന മാനേജര്‍മാര്‍ നിയമനം നടത്തിയതിനും അംഗീകാരം നല്‍കും. പക്ഷേ പിന്നീട് കുട്ടികളുടെ എണ്ണക്കുറവ് കാരണം തസ്തിക നഷ്ടപ്പെട്ടാല്‍ അവരെ ബേങ്കില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അധ്യാപക നിയമനം ഇങ്ങനെ
സര്‍ക്കാര്‍ സ്‌കൂളുകള്‍
ഹെഡ് ടീച്ചറെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന ഒഴിവ്, അധിക ഡിവിഷന്‍ തസ്തികകള്‍, ഭാവിയിലുണ്ടാകുന്ന അവധി ഒഴിവുകളുള്‍പ്പെടെയുള്ള എല്ലാ ഒഴിവുകളും, എസ് എസ് എയുടെ കീഴിലുള്ള തസ്തികകള്‍, എസ് എസ് എയുടെ കീഴിലുള്ള പ്രോജക്ടുകള്‍, ആര്‍ എം എസ് എ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിയമനം. ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂളില്‍ ഒഴിവുകളുണ്ടാകുന്ന പക്ഷം ബേങ്കില്‍ അധ്യാപകര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ മാത്രമേ നിയമിക്കാവൂ. ബേങ്കിലെ അധ്യാപകര്‍ ജില്ലാ അടിസ്ഥാനത്തിലും അവശേഷിക്കുന്നില്ലെങ്കില്‍ മാത്രമേ ഒഴിവുകള്‍ പി എസ് എസിക്കു റിപോര്‍ട്ട് ചെയ്യാവൂ.
എയ്ഡഡ് സ്‌കൂളുകള്‍
ദീര്‍ഘകാല അവധി ഒഴിവുകള്‍, ഹ്രസ്വകാല ഒഴിവുകള്‍ ഒരു മാനേജ്‌മെന്റിന് കീഴിലുള്ള അധ്യാപകന്‍ ടീച്ചേഴ്‌സ് ബേങ്കിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്‌കൂളിലെ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങി എല്ലാ ഒഴിവുകളും, ഹെഡ് ടീച്ചറെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന ഒഴിവ് തുടങ്ങിയവ. ബേങ്കില്‍നിന്നുമാത്രം നിയമനം നടത്തേണ്ട ഒഴിവുകള്‍ അതത് മാനേജര്‍മാര്‍ ബേങ്കില്‍നിന്ന് നിയമനം നടത്തി 48 മണിക്കൂറിനുള്ളില്‍ അതത് എ ഇ ഒ/ഡി ഇ ഒ മര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇങ്ങനെ ചെയ്യാത്ത മാനേജര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.