പാഴ്്‌വസ്തുക്കള്‍കൊണ്ട് കരവിരുതൊരുക്കി കുഞ്ഞിക്കണ്ണന്‍

Posted on: December 11, 2014 6:00 pm | Last updated: December 11, 2014 at 6:55 pm

അബുദാബി: പാഴ്‌വസ്തുക്കള്‍കൊണ്ട് കെട്ടിട മാതൃകകള്‍ ഒരുക്കി കുഞ്ഞിക്കണ്ണന്‍ ശ്രദ്ധേയനാകുന്നു. അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ സുരക്ഷാ ജീവനക്കാരനും കോഴിക്കോട് ജില്ലയിലെ പയ്യോളി പള്ളിക്കര റോഡ് കക്കോടി സ്വദേശിയുമാണ് കുഞ്ഞിക്കണ്ണന്‍.
തെര്‍മോകോള്‍, ഹാര്‍ഡ് ബോര്‍ഡ്, മരപ്പലകകള്‍ തുടങ്ങിയവയും ഈത്തപനയുടെ ചീളുകള്‍, ഓലകള്‍ എന്നിവയെടുത്താണ് കുഞ്ഞിക്കണ്ണന്റെ നിര്‍മാണം. ജോലി സമയം കഴിഞ്ഞാണ് ഇദ്ദേഹം നിര്‍മാണത്തിനായി സമയം കണ്ടെത്തുന്നത്. ഒമ്പത് വര്‍ഷമായി കരവിരുത് തുടങ്ങിയിട്ട്. ഇദ്ദേഹം നിര്‍മിച്ച ഏറ്റവും വലിയ കെട്ടിടം തിരുവനന്തപുരത്തുള്ള ഗോകുലം മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.
ടി വിയിലുണ്ടായിരുന്ന ഒരു പെയിന്റ് കമ്പനിയുടെ പരസ്യവും അതില്‍ പ്രദര്‍ശിപ്പിച്ച വീടുമാണ് കുഞ്ഞിക്കണ്ണന് കരവിരുതിലേക്ക് വരുന്നതിനുള്ള പ്രചോദനം. തുടക്കത്തില്‍ വീടിനടുത്തുള്ള വീടുകള്‍ നിര്‍മിച്ച ഇദ്ദേഹം ഇപ്പോള്‍ പത്രങ്ങളില്‍ പരസ്യം വരുന്ന കെട്ടിടങ്ങളെല്ലാം നിര്‍മിക്കുന്നു.
ഏഴു വര്‍ഷമായി ഇദ്ദേഹം യു എ ഇയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസം മുതല്‍ ഇന്ത്യന്‍ എംബസിയില്‍ സെക്യൂരിറ്റി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
പതിനേഴ് വര്‍ഷത്തോളം ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്തിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം 2001ല്‍ സിയാച്ചിന്‍ മലനിരകളില്‍ നിന്നും സൈന്യത്തിന്റെ പീരങ്കി ഓപ്പറേറ്ററായാണ് പിരിഞ്ഞത്.
നിരവധി കഥയും കവിതയും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എഴുതിയതില്‍ കൂടുതലും മാപ്പിളപ്പാട്ടുകളും ചെറുകഥകളുമാണ്. മല്ലികയാണ് ഭാര്യ. നാല് മക്കളുണ്ട്.
കൂടെ ജോലി ചെയ്യുന്ന സെക്യൂരിറ്റി വിഭാഗത്തിലെ അരുണ്‍, സുജ എന്നിവര്‍ ഇദ്ദേഹത്തിന് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നു. ഇദ്ദേഹം നിര്‍മിച്ച താജ്മഹല്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ എംബസിയില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.