ഇസ്‌റാഈല്‍ സൈന്യവുമായുള്ള സംഘര്‍ഷത്തിനിടെ ഫലസ്തീന്‍ മന്ത്രി കൊല്ലപ്പെട്ടു

Posted on: December 11, 2014 5:33 am | Last updated: December 10, 2014 at 10:35 pm

ജറൂസലം: ഇസ്‌റാഈല്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തിനിടെ ഫലസ്തീന്‍ മന്ത്രി സിയാദ് അബ്ദു ഐന്‍ മരിച്ചു. വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യം ഉപയോഗിച്ച ഉയര്‍ന്ന അളവിലുള്ള കണ്ണീര്‍ വാതകം ശ്വസിച്ചതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ഫലസ്തീനെ വിഭജിക്കുന്ന ഇസ്‌റാഈല്‍ നിര്‍മിത മതിലിനെതിരെ രംഗത്തുള്ള നേതാവും കുടിയേറ്റ കമ്മീഷനും ആയിരുന്നു അബൂ ഐന്‍. റാമല്ല ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുര്‍മുസയ്യയില്‍ ഇസ്‌റാഈല്‍ നിര്‍മിക്കുന്ന വിഭജന മതിലിനെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ട വേളയിലാണ് അമിതമായി കണ്ണീര്‍വാതകം ശ്വസിച്ചത്. പ്രതിഷേധത്തിനിടെ ഇസ്‌റാഈല്‍ സൈന്യം ഇദ്ദേഹത്തെ മര്‍ദിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ സൈന്യം ആക്രമിക്കുമ്പോള്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ സമാധാനത്തിന്റെ ചിഹ്നമായി പരിഗണിക്കപ്പെടുന്ന ഒലീവ് മരം നടുകയായിരുന്നു. ഇവര്‍ക്കെതിരെ സൈന്യം ഉയര്‍ന്ന അളവില്‍ കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഫതഹിന്റെ റവല്യൂഷനറി കൗണ്‍സില്‍ അംഗമായ ഇദ്ദേഹത്തെ ഇടിച്ച് താഴെയിടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇസ്‌റാഈലിന്റെ ക്രൂരമായ നടപടിയെ വിമര്‍ശിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്തെത്തി. പ്രാകൃതമായ നടപടിയാണ് ഇസ്‌റാഈലിന്റെതെന്നും ഇത് സഹിക്കാന്‍ കഴിയാത്തതാണെന്നും സര്‍ക്കാറിന്റെ ഒരംഗം ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സംഭവം പുറത്തുവന്ന ഉടനെ സംഘര്‍ഷ സാധ്യതകള്‍ പ്രദേശത്ത് നിലനില്‍ക്കുകയാണ്.
മന്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് റാമല്ലയിലെയും അല്‍ബീറയിലെയും അധികൃതര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.