അധ്യാപികയുടെ കുട്ടികള്‍ക്ക് സാന്ത്വന ഹസ്തവുമായി ശൈഖ ഫാത്വിമ

Posted on: December 10, 2014 6:00 pm | Last updated: December 10, 2014 at 6:00 pm

Satellite (1)അബുദാബി: അല്‍ റീം ഐലന്റില്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയ അബുദാബി പോലീസിനെ ജനറല്‍ വിമണ്‍സ് യൂണിയന്‍ അധ്യക്ഷ ശൈഖാ ഫാത്വിമ ബിന്‍ത് മുബാറക് അഭിനന്ദിച്ചു.
നിരപരാധിയും നിഷ്‌കളങ്കയുമായ ഒരു മാതാവിനെ വധിച്ചത് അത്യന്തം ഹീനകൃത്യമാണെന്നും അധ്യാപികയുടെ കുട്ടികളെ സാന്ത്വനിപ്പിക്കുകയാണെന്നും ശൈഖാ ഫാത്വിമ പറഞ്ഞു. തീവ്രവാദത്തെയും ഭീകരവാദത്തെയും സമൂഹം ഒറ്റക്കെട്ടായി നേരിടണം. യു എ ഇയില്‍ പുലരുന്ന സ്ഥിരതയെയും സുരക്ഷിതത്വത്തെയും വെല്ലുവിളിക്കുകയാണ് അവര്‍ ചെയ്യുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കെതിരായി പ്രതി പ്രവര്‍ത്തിച്ചു. തദ്ദേശീയ വനിതകളുടെ പ്രതിഛായക്കു കളങ്കമായി. നന്മ, സമാധാനം, കളങ്കരാഹിത്യം, സൗഹാര്‍ദം എന്നിവക്ക് നിദാനമായി വര്‍ത്തിക്കുന്ന യു എ ഇ വനിതകള്‍ക്ക് പ്രതി അപമാനം വരുത്തിവെച്ചു. രാജ്യാന്തര തലത്തില്‍ യു എ ഇയുടെ പദവിയെ ഇടിച്ചുതാഴ്ത്തി-ശൈഖാ ഫാത്വിമ പറഞ്ഞു.
ശൈഖയുടെ നിര്‍ദേശ പ്രകാരം യു എ ഇ സഹ മന്ത്രിയും അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ജനറലുമായ ഡോ. മൈത്ത സാലിം അല്‍ ശംസി കൊല്ലപ്പെട്ട അധ്യാപികയുടെ ഭവനം സന്ദര്‍ശിച്ചു. കുട്ടികളെ അവര്‍ ആശ്വസിപ്പിച്ചു. കുട്ടികളുടെ സുരക്ഷിതത്വത്തിനു വേണ്ട നടപടികള്‍ കൈക്കൊള്ളാനും നിര്‍ദേശിച്ചു.