2030 ഓടെ 30 ശതമാനം യാത്രക്കാര്‍ ആര്‍ ടി എയുടെ ഭാഗമാവും

Posted on: December 10, 2014 5:58 pm | Last updated: December 10, 2014 at 5:58 pm

rtaദുബൈ; 2030ല്‍ മൊത്തം യാത്രക്കാരുടെ 30 ശതമാനത്തെ പൊതുഗതാഗതത്തിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് മൈത്ത ബിന്‍ അദിയ്യ് വ്യക്തമാക്കി. ഗള്‍ഫ് ട്രാഫിക് എക്‌സിബിഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്മാര്‍ട് മാനേജ്‌മെന്റിന്റെ ഭാഗമായി വളര്‍ന്നുവരുന്ന ഗതാഗത പ്രശ്‌നങ്ങളെക്കുറിച്ച് മേഖല തിരിച്ച് ആര്‍ ടി എ ഉദ്യോഗസ്ഥര്‍ പഠനം നടത്തും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാവും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക.

ദിനേന പൊതുഗതാഗത മാര്‍ഗം ഉപയോഗപ്പെടുത്തുന്നത് എട്ട് ലക്ഷം യാത്രക്കാരാണെന്നും ഇത് മൊത്തം യാത്രികരുടെ 14 ശതമാനമാണെന്നും അവര്‍ പറഞ്ഞു. 2006ല്‍ ഇത് ആറു ശതമാനത്തിന് താഴെയായിരുന്നു. ഈ വര്‍ഷത്തോടെയാണ് 14 ശതമാനമായത്. 2020 ആവുമ്പോഴേക്കും 20 ശതമാനവും 2030ല്‍ 30 ശതമാനവുമായി ഇത് മാറുമെന്നാണ് കരുതുന്നത്. അതിന് ആവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആര്‍ ടി എ നടത്തുന്നുണ്ട്.
ആര്‍ ടി എ അടുത്തിടെ പുറത്തിറക്കിയ സ്മാര്‍ട് ഡ്രൈവ് നാവിഗേഷന്‍ ആപ്ലിക്കേഷന്‍ മൂന്നു ലക്ഷം ഡ്രൈവര്‍മാരാണ് ഉപയോഗിക്കുന്നത്. ഇതില്‍ ലൈവ് ട്രാഫിക് ഇന്‍ഫര്‍മേഷനുകളും റൂട്ട് മാപ്പുകളുമെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദിയ്യ് പറഞ്ഞു. നഗരത്തില്‍ പലയിടങ്ങളിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ബൃഹദ്പദ്ധതികളാണ് ആര്‍ ടി എ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാനാണ് ഒരുങ്ങുന്നത്.
അടുത്ത വര്‍ഷം ആരംഭിക്കുന്ന സ്മാര്‍ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ഇത് സാധ്യമാക്കും. 2020 ആവുമ്പോഴേക്കും ദുബൈയിലെ ജനസംഖ്യ 32 ലക്ഷമാവുന്നത് കണക്കിലെടുത്താണിത്. ഇതോടൊപ്പം സന്ദര്‍ശകരുടെ എണ്ണത്തിലും വരുംകാലങ്ങളില്‍ വന്‍കുതിപ്പുണ്ടാവുമെന്നതിനാല്‍ അതിനെല്ലാം അനുയോജ്യമായ രീതിയില്‍ പരമാവധി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന നിലയിലാവും ഓരോ പദ്ധതിയും നടപ്പാക്കുക. ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്രമായ പദ്ധതികളാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. കൂടുതല്‍ റോഡുകള്‍ നിര്‍മിച്ചത് കൊണ്ട് മാത്രം ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ലെന്നാണ് അനുഭവങ്ങളില്‍ നിന്നു തങ്ങള്‍ പഠിച്ചതെന്ന് അദിയ്യ് ഓര്‍മിപ്പിച്ചു. സാമ്പത്തികമായ ഏത് കാര്യത്തിനും മുന്നില്‍ വേണ്ടത് റോഡ് ഉള്‍പെടെയുള്ള പശ്ചാത്തല സൗകര്യ വികസനമാണ്. റെയില്‍, ബസ്, ജല ഗതാഗതത്തിനൊപ്പം ടാക്‌സികളും മറ്റ് വാഹനങ്ങളുമെല്ലാം ഗതാഗതത്തിന്റെ ഭാഗമാണ്.
അതോടൊപ്പം കാല്‍നട യാത്രക്കാര്‍ക്കുള്ള വഴികളും സൈക്കിള്‍ പാതകളുമെല്ലാം കൂടുതലായി നിര്‍മിക്കേണ്ടതുണ്ട്. പശ്ചാത്തല വികസനമെന്നത് ദുബൈ നഗരത്തില്‍ മാത്രം ഒതുക്കാവുന്നതല്ല. രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കുമെല്ലാം വികസനം എത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. മേഖലയിലെ കഠിനമായ ചൂടും അന്തരീക്ഷ ഈര്‍പ്പവുമെല്ലാം റോഡ് ഉള്‍പെടെയുള്ള ഗതാഗത പദ്ധതികള്‍ക്ക് അനുകൂലമാണ്. റോഡിനൊപ്പം റെയില്‍ പദ്ധതിയും വന്‍ വിജയമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ദുബൈയുടെ ഗതാഗത വികസനത്തിലെ നാഴികക്കല്ലുകളായ മെട്രോ, ട്രാം പദ്ധതികളെക്കുറിച്ചും അദിയ്യ് വിശദീകരിച്ചു.
ഗതാഗതക്കുരുക്ക് ഉള്‍പെടെയുള്ളവക്ക് പരിഹാരം കാണാന്‍ കൂടുതല്‍ അര്‍ത്ഥവത്തായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനം ഇന്നലെയാണ് അവസാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗതാഗത ആവശ്യങ്ങളുമായി ബന്ധപ്പെട്ട നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 200 ഓളം ഗ്ലോബല്‍ ട്രാഫിക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സപ്ലയേഴ്‌സ് പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്ത കമ്പനികള്‍ ഗള്‍ഫ് മേഖലയില്‍ 44,400 കോടി ദിര്‍ഹം മുതല്‍മുടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.