സ്വന്തം വകുപ്പിലെ അഴിമതി മറച്ചുവെക്കാന്‍ യൂത്ത് ലീഗ് ശ്രമിക്കുകയാണെന്ന് കെ എസ് യു

Posted on: December 10, 2014 11:00 am | Last updated: December 10, 2014 at 11:14 am

കല്‍പ്പറ്റ: ജില്ലയിലെ യു ഡി എഫ് സംവിധാനം നിഷ്‌ക്രിയമെന്ന് പറഞ്ഞ് സ്വന്തം വകുപ്പിലെ അഴിമതി മറച്ചുവെക്കാന്‍ യൂത്ത് ലീഗ് ശ്രമിക്കുകയാണെന്ന് കെ എസ് യു ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.
ലീഗിന്റെ ഗ്രൂപ്പുകളിയുടെ ഭാഗമായാണ് യൂത്ത്‌ലീഗ് പ്രസിഡന്റ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലക്ക് എല്ലാ ഘടകകക്ഷികള്‍ക്കും എല്ലാ കാലത്തും വേണ്ട പരിഗണനയാണ് കോണ്‍ഗ്രസ് നല്‍കിപോരുന്നത്. സഹകരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ യൂത്ത്‌ലീഗിന്റെ അഹങ്കാരത്തിന് കിട്ടിയ മറുപടിയാണ് മേപ്പാടിയില്‍ കണ്ടത്. ജില്ലയില്‍ ലീഗിലെ ഗ്രൂപ്പുകളി കാരണമാണ് സഹകരണസ്ഥാപനങ്ങളില്‍ ലീഗ് പുറത്തുപോയത്. സമൂഹത്തില്‍ ലീഗിനോടുള്ള അവഗണന ലീഗ് മനസിലാക്കി യൂത്ത്‌ലീഗിനെ ബോധിപ്പിക്കാന്‍ ശ്രമിക്കണം. ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സീറ്റിന് വേണ്ടി വില പേശാന്‍ വേണ്ടിയാണ് ജില്ലാ യൂത്ത്‌ലീഗ് നേതൃത്വം ശ്രമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെയും, വിദ്യാഭ്യാസ വകുപ്പിലേയും അഴിമതി ഇപ്പോള്‍ ലീഗിന്റെ പല തലങ്ങളിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍ അത് വെളിച്ച് കൊണ്ടുവരാനുള്ള ധാര്‍മ്മികത യൂത്ത്‌ലീഗ് കാണിക്കണം.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീട്ടിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തേണ്ടത്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, മെഡിക്കല്‍ കോളജ് തടസം നീക്കുന്നതിനുമുള്ള ഉറപ്പ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, മന്ത്രി പി കെ ജയലക്ഷ്മി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകുകയും ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി, റവന്യൂവകുപ്പ് മന്ത്രി, ശ്രേയാംസ്‌കുമാര്‍ എം എല്‍ എ എന്നിവരും ചര്‍ച്ചയിലുണ്ടായിരുന്നു. വികസന വിപ്ലവകരമായ മുന്നേറ്റവുമായി മുന്നോട്ടുപോകുമ്പോള്‍ യൂത്ത് ലീഗിന്റെ പ്രസ്താവന വയനാടന്‍ ജനത പുശ്ചിച്ചുതള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ എസ് യു ജില്ലാപ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ അധ്യക്ഷനായിരുന്നു. മുഹമ്മദ് അജ്മല്‍, ശ്രീജിത്ത് കുപ്പാടിത്തറ, രോഹിത് ബോധി, അഫ്‌സല്‍ ചീരാല്‍. മുനീര്‍ പൊഴുതന, ലിജോ ജോസ്, സുബിന്‍ജോസ്, സി ആര്‍ പ്രജിത്ത്, ജില്‍സണ്‍ മേപ്പാടി, അലന്‍ ജോസ്, ജോമോന്‍ ജോസ്, ഷരീഫ് മീനങ്ങാടി, ജോബിറ്റ് ചീരാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.