ഉയിഗൂറില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എട്ട് വര്‍ഷം തടവ്‌

Posted on: December 10, 2014 5:19 am | Last updated: December 9, 2014 at 11:19 pm

ബീജിംഗ്: ഉയിഗൂറിലെ മുസ്‌ലിം പണ്ഡിതനായ ഇല്‍ഹാം തോഹ്തിയുടെ ഏഴ് വിദ്യാര്‍ഥികളെ ചൈനീസ് കോടതി എട്ട് വര്‍ഷത്തേക്ക് ജയിലിലടച്ചു. സിന്‍ജിയാംഗില്‍ വിഘടനവാദം പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കോടതി ശിക്ഷ നടപ്പാക്കിയത്. സിന്‍ജിയാംഗ് പ്രവിശ്യയില്‍ ആക്രമണം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം കോടതി എട്ട് പേരെ വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ തെറ്റാണെന്ന് ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചൈനയുടെ മതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയും ഇതിന്റെ നേതാക്കള്‍ക്കെതിരെയും വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ശിക്ഷ നടപ്പാക്കുന്നതെന്ന് നേരത്തെ വിമര്‍ശം ഉയര്‍ന്നിരുന്നു. എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഇവര്‍ക്ക് എന്നാണ് ഹരജി നല്‍കാനാകുക തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല.
ഉയിഗുര്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന അറിയപ്പെട്ട നേതാവാണ് തോഹ്തി. ഇദ്ദേഹത്തെയും ചൈന തടവിലാക്കിയിരിക്കുകയാണ്. ഇദ്ദേഹം നല്‍കിയ ഹരജിയും കഴിഞ്ഞ മാസം അവസാനം ചൈനീസ് കോടതി തള്ളിക്കളഞ്ഞിരുന്നു.