വിനോദസഞ്ചാര മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിച്ച് ഇറ്റാലിയന്‍ സംഘം

Posted on: December 9, 2014 9:00 pm | Last updated: December 9, 2014 at 10:01 pm

ദുബൈ: വിനോദസഞ്ചാര മേഖലയില്‍ ഇറ്റലിക്കും യു എ ഇക്കും കൂടുതല്‍ മുന്നേറാന്‍ സാധിക്കുമെന്ന് ഇറ്റാലിയന്‍ വിനോദസഞ്ചാര വാണിജ്യ മന്ത്രി മാരിനോ ഫിനോസി വ്യക്തമാക്കി. ഇറ്റലിയിലെ വിനിറ്റോ മേഖലയിലേക്ക് യു എ ഇയില്‍ നിന്നു കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഉഭയകക്ഷി ബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ സന്ദര്‍ശനം നിര്‍ണായക ഘടകമായെന്ന് അദ്ദേഹം പറഞ്ഞു.
വിനിറ്റോ മേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ വ്യക്തമാക്കുന്ന വീഡിയോ ആവിഷ്‌ക്കാരവുമുണ്ടായിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 3400.3 കോടി ദിര്‍ഹത്തിന്റെ വ്യാപാരമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. ഈ വര്‍ഷം വ്യാപാരത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ദുബൈക്കും ഇറ്റാലിയന്‍ തുറമുഖ നഗരമായ വെനീസിനും നിരവധി സമാനതകളുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇബ്രാഹീം ഹുസൈന്‍ അഹ്‌ലി, മസ്സിമിലിയാനോ റിയോള്‍ഫോ പങ്കെടുത്തു.