Connect with us

Gulf

ദുബൈയില്‍ വീണ്ടും വന്‍ മയക്കുമരുന്നുവേട്ട;പിടികൂടിയത് 6.5 കോടി ദിര്‍ഹമിന്റെ ഗുളികകള്‍

Published

|

Last Updated

ദുബൈ: പുറം രാജ്യത്തു നിന്നെത്തിച്ച് മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് കയറ്റുമതിക്ക് പദ്ധതിയിട്ട മയക്കുമരുന്നിന്റെ വന്‍ ശേഖരം ദുബൈ പോലീസ് പിടികൂടി. 6.5 കോടി ദിര്‍ഹം വിലവരുന്ന മയക്കു ഗുളികകളാണ് പിടികൂടിയത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ദുബൈ പോലീസ് വന്‍തോതിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നത്. രണ്ട് അറബ് വംശജരെയും പിടികൂടി.

ദുബൈ പോലീസിലെ മയക്കുമരുന്നു വിരുദ്ധ വിഭാഗത്തിന് ലഭിച്ച വിശ്വസനീയമായ വിവരമാണ് സുപ്രധാനമായ ഓപറേഷന് തുടക്കം. ദുബൈ റാസല്‍ ഖൂറിലെ ഒരു ട്രക്കില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പോലീസിനു ലഭിച്ച വിവരം. അറബ് വംശജരായ രണ്ടുപേരാണ് ഇതിനു പിന്നിലെന്നും, ദുബൈയിലെത്തിച്ച മയക്കുമരുന്നു ഗുളികകള്‍ മറ്റൊരു ഗള്‍ഫ് രാജ്യത്തേക്കെത്തിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ടറെ ഇവര്‍ അന്വേഷിക്കുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ഖലീല്‍ ഇബ്‌റാഹീം മന്‍സൂരിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയത്. ഇന്റര്‍നാഷണല്‍ സിറ്റിക്കടുത്ത ട്രാഗണ്‍ മാര്‍ട്ടിനടുത്ത്‌വെച്ച് ഒന്നാം പ്രതിയായ അറബ് വംശജനെ പോലീസ് പിടികൂടി. പ്രതിയുമായി റാസല്‍ ഖൂറിലെ മയക്കുമരുന്ന് സൂക്ഷിച്ച ട്രക്കിനടുത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആദ്യ ഘട്ടം ഒന്നും കണ്ടെത്താനായില്ല. ഇരുമ്പിന്റെ 165 വലിയ പൈപ്പുകള്‍മാത്രമാണ് പോലീസിന് കണ്ടെത്താനായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലാണ് ഇരുമ്പു പൈപ്പുകള്‍ക്കുള്ളില്‍ അതിവിദഗ്ധമായി ഒളുപ്പിച്ചുവെച്ച മയക്കുഗുളികകളുടെ വന്‍ ശേഖരം പോലീസിന് കണ്ടെത്താനായത്. 165 പൈപ്പുകള്‍ക്കുള്ളിലായി 60,00,500 ഗുളികകളാണ് കണ്ടെടുത്തത്. വിപണിയില്‍ ഇതിന് 6.5 കോടി ദിര്‍ഹം വിലവരുമെന്ന് പോലീസ് പറഞ്ഞു.
പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതില്‍, മയക്കുഗുളികകള്‍ കടത്തുന്നതില്‍ തന്റെ നാട്ടുകാരന്‍ കൂടിയായ ഒരാളും പങ്കാളിയാണെന്ന് മനസ്സിലാക്കിയ പോലീസ്, അദ്ദേഹത്തിന്റെ ജോലി സ്ഥലമായ അവീര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഓഫീസില്‍ വെച്ച് രണ്ടാമനെയും പിടികൂടുകയായിരുന്നു. രണ്ടുപേരും നേരത്തെ സ്വന്തം നാട്ടില്‍വെച്ച് പരിചയമുണ്ടായിരുന്നെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
നാട്ടില്‍ നിന്നുള്ള ധാരണയനുസരിച്ച് രണ്ടാം പ്രതിയാണ് ജബല്‍ അലി പോര്‍ട്ടിലൂടെ മയക്കുമരുന്നു ഗുളികകള്‍ രാജ്യത്തെത്തിച്ചത്. ദുബൈയിലെത്തിച്ച തൊണ്ടിമുതല്‍ ഒന്നാം പ്രതി ഫുജൈറയില്‍ ദിവസങ്ങളോളം സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കുകയും മറ്റൊരു ഗള്‍ഫു രാജ്യത്തേക്ക് കയറ്റുമതിക്ക് ട്രാന്‍സ്‌പോര്‍ട്ടറെ അന്വേഷിച്ച് സാധനവുമായി റാസല്‍ ഖൂറില്‍ എത്തുകയുമായിരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കി. മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്കു പുറമെ കാഴ്ച, കേള്‍വി എന്നിവയെ ഏറെ അപകടകരമായി ബാധിക്കുന്ന കാപ്റ്റഗണ്‍ ഇനത്തില്‍പെട്ട മയക്കു ഗുളികകളാണ് പ്രതികള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറിയതായി പോലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ദുബൈ പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീന, കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി, മയക്കുമരുന്നു വിരുദ്ധ വിഭാഗം തലവന്‍ കേണല്‍ മുഹമ്മദ് താനി ഹാരിബ് എന്നിവര്‍ പങ്കെടുത്തു.