റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് ഐ.എസ്.ഒ അംഗീകാരം

Posted on: December 7, 2014 10:15 pm | Last updated: December 7, 2014 at 10:15 pm

RCFIകോഴിക്കോട്: കാരന്തൂര്‍ മര്‍കസ് കേന്ദ്രീകരിച്ച് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍.സി.എഫ്.ഐ)ക്ക് ഐ.എസ്.ഒ അംഗീകാരം. ഫൗണ്ടേഷന്‍ രാജ്യത്തുടനീളം നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്ര നിര്‍മാണ പദ്ധതികളുടെയും നിലവാരം പരിഗണിച്ചാണ് മികച്ച സാമൂഹ്യ സന്നദ്ധ സംഘടനക്കുള്ള ദേശീയ അംഗീകാരം ലഭിച്ചത്.

2000ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ആര്‍.സി.എഫ്.ഐ ഇതിനകം 23 കോടിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞു. ദുരിതാശ്വാസ പ്രദേശങ്ങളിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍, വികലാംഗര്‍ക്കുള്ള ധനസഹായം, അനാഥര്‍ക്കുള്ള ഹോംകെയര്‍ പ്രൊജക്ട്, ബുദ്ധി മാന്ദ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം, ടൈലറിംഗ് സെന്ററുകള്‍, കുടിവെള്ള പദ്ധതികള്‍. റീഡിംഗ് റൂം, ലൈബ്രറിക്കുള്ള ഫണ്ട്, ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഫണ്ട്, പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണ-വസ്ത്ര വിതരണം തുടങ്ങിയവയാണ് ആര്‍.സി.എഫ്.ഐ നടപ്പിലാക്കിയ പദ്ധതികള്‍. രാജ്യത്തെ 22 ലക്ഷം ആളുകള്‍ക്ക് ഇതിനകം ആര്‍.സി.എഫ്.ഐ സേവനങ്ങള്‍ ലഭിച്ചുകഴിഞ്ഞു.

ആര്‍.സി.എഫ്.ഐയുടെ സംഘടനാ മികവ് പരിഗണിച്ച് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്റ് ഏര്‍പ്പെടുത്തിയ വണ്‍ മില്യണ്‍ വസ്ത്ര വിതരണ പദ്ധതി ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ 2013-ല്‍ പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. ആര്‍.സി.എഫ്.ഐ വിതരണം ചെയ്ത ഫലസ്തീന്‍ ഫണ്ട്, കാശ്മീര്‍ റിലീഫ് എന്നിവ ശ്രദ്ധേയമായിരുന്നു. കാശ്മീര്‍ പ്രളയബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, താമസസൗകര്യങ്ങള്‍ തുടങ്ങി വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ആര്‍.സി എഫ്.ഐ അടുത്തിടെ നടപ്പിലാക്കിയത്.

ഇന്ത്യയിലെ 10,342 ഗ്രാമങ്ങള്‍, 19 സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലായി വിവിധ സാമൂഹ്യ പദ്ധതികളാണ് ഇപ്പോള്‍ ആര്‍.സി.എഫ്.ഐ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 4,300 സ്ഥിരം വളണ്ടിയര്‍മാരും ആര്‍.സിഎഫ്.ഐക്കുണ്ട്.ഐ.എസ്.ഒ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് കൂടുതല്‍ ജനകീയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രചോദനമാണെന്നും ആര്‍.സി.എഫ്.ഐ ജനറല്‍ സെക്രട്ടറി ഡോ.എം.എ.എച്ച് അസ്ഹരി പറഞ്ഞു.