Connect with us

Palakkad

കോണ്‍ഗ്രസ് മുക്തഭാരതം വിദൂരമല്ല: സുരേന്ദ്രന്‍

Published

|

Last Updated

പാലക്കാട്: കോണ്‍ഗ്രസ് മുക്തഭാരതം എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അത് വിദൂരമല്ലെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.
ബി ജെ പി മെഗാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന മധ്യമേഖലാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 28ന് വോട്ടെണ്ണല്‍ നടക്കുന്ന ഝാര്‍ഖണ്ഡിലും കാശ്മീരിലും ബിജെപി അധികാരത്തില്‍ വരും. ഇതോടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്ക് സ്ഥാനമില്ലെന്ന ചിലരുടെ പ്രചരണം അസ്ഥാനത്താകും. കേരളത്തിലെ ആറരപതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ചരിത്രം മാറാന്‍ പോവുകയാണ്.
രണ്ടുമുന്നണികള്‍ തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയം മടുത്ത ജനത മനസ്സുകൊണ്ട് ബിജെപിയോടൊപ്പമാണ്. മതന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അര്‍ഹമായ പരിഗണന അംഗത്വവിതരണത്തില്‍ ഉണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡണ്ട് സി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ നിയോജകമണ്ഡലങ്ങളില്‍ നിന്ന് നിശ്ചയിക്കപ്പെട്ട കാര്യകര്‍ത്താക്കളും മണ്ഡലം പ്രസിഡന്റുമാര്‍, മണ്ഡലം മെമ്പര്‍ഷിപ്പ് ഇന്‍ചാര്‍ജ്ജുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരും പങ്കെടുക്കുന്ന ശില്‍പശാല ഇന്ന് സമാപിക്കും.
ദേശീയ സഹസംഘടനാ ജനറല്‍ സെക്രട്ടറി വി സതീഷ്, സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, നേതാക്കള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.

Latest