മരിച്ച വ്യക്തിയുടെ പേരിലുള്ള വാഹനം അവകാശിയുടെ പേരിലേക്ക് മാറ്റാന്‍ ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

Posted on: December 6, 2014 2:53 am | Last updated: December 5, 2014 at 11:54 pm

ആലപ്പുഴ: മരിച്ച വ്യക്തിയുടെ പേരിലുള്ള വാഹനം അവകാശിയുടെ പേരില്‍ മാറ്റി നല്‍കാന്‍ ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ആലപ്പുഴ കുട്ടംപേരൂര്‍ കാരടക്കേതില്‍ പ്രമോദ്കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്റെ ഉത്തരവ്. ഇതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സഹോദരന്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 01 ബി ബി 8589 എന്ന ഇരുചക്രവാഹനം തന്റെ പേരിലേക്ക് മാറ്റാന്‍ പ്രദീപ് കുമാര്‍ അപേക്ഷ നല്‍കിയപ്പോള്‍ അധികൃതര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന് പരാതി സമര്‍പ്പിച്ചത്. വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നോട്ടറി അഫിഡവിറ്റും ഹാജരാക്കിയിട്ടും ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആര്‍ ടി ഒ അധികൃതര്‍ തന്നെ അറിയിച്ചതായി പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ ഗതാഗത കമ്മീഷണറില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലീഗല്‍ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ്, മരണപത്രം, പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഒരെണ്ണം ഹാജരാക്കിയാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുമെന്ന് ഗതാഗത കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇക്കാര്യം കേരള ഹൈക്കോടതിയിലെ 2010 (2) കെ എല്‍ ടി 431 വിധിന്യായപ്രകാരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രമോദ്കുമാര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം ഉടന്‍ മാറ്റി നല്‍കണമെന്ന് നടരാജന്‍ ഉത്തരവിടുകയായിരുന്നു.