Connect with us

International

ഇസില്‍ സംഘാംഗത്തിന് ജര്‍മനിയില്‍ മൂന്ന് വര്‍ഷം തടവ്

Published

|

Last Updated

ബെര്‍ലിന്‍: ഇസില്‍ തീവ്രവാദി സംഘത്തില്‍ അംഗമായ യുവാവിനെ ജര്‍മന്‍ കോടതി ജയിലിലടച്ചു. വ്യാപാര തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ളയാളും കൊസോവോയില്‍ നിന്നുള്ള കുടുബത്തിലെ അംഗവുമായ ക്രിഷ്‌നിക് ബെറിഷ എന്ന 20കാരനെയാണ് കോടതി മൂന്ന് വര്‍ഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചത്. ഇസിലില്‍ ചേര്‍ന്ന് സിറിയയില്‍ പോരാട്ടത്തില്‍ പങ്കെടുത്തതായി ബെറിഷ കോടതിയില്‍ സമ്മതിച്ചു. പ്രതിക്ക് നാല് വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ ശിക്ഷ മൂന്ന് വര്‍ഷവും മൂന്ന് മാസത്തിലും കുറവ് തടവായി വിധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. 2013 ജുലൈയില്‍ തുര്‍ക്കി വഴി സിറിയയിലെത്തിയ ബെറിഷ ഇസിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. അവ്യക്തമായ കാരണങ്ങളാല്‍ അതേ വര്‍ഷം ഡിസംബറില്‍ തിരിച്ച് ജര്‍മനിയിലെത്തിയ ഇയാളെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ സെപ്തംബറിലാണ് വിചാരണ ആരംഭിച്ചത്. 550 ഓളം ജര്‍മന്‍കാര്‍ ഇസിലില്‍ ചേര്‍ന്ന് സിറിയയിലും ഇറാഖിലുമായിമായെത്തിയിട്ടുണ്ടെന്നാണ് ജര്‍മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നത്. ഇതില്‍ 60ഓളം പേര്‍ പോരാട്ടത്തിലും ചാവേര്‍ ആക്രമണത്തിലുമായി മരിച്ചതായും 180 ഓളം പേര്‍ ജര്‍മനിയില്‍ തിരിച്ചെത്തിയെന്നുമാണ് കണക്ക്.