Connect with us

Gulf

ബുര്‍ജുല്‍ അറബിനോട് ചേര്‍ന്ന് കടല്‍തീരം സജ്ജമാക്കാന്‍ പദ്ധതി

Published

|

Last Updated

ദുബൈ: നഗരത്തിലെ സുപ്രധാന ഹോട്ടലുകളില്‍ ഒന്നായ ബുര്‍ജ് അല്‍ അറബിനോട് ചേര്‍ന്ന് കടല്‍ത്തീരം സജ്ജമാക്കാന്‍ ജുമൈറ ഗ്രൂപ്പ് ഒരുങ്ങുന്നു. 43ാം ദേശീയ ദിനത്തിന്റെ ആരവങ്ങളില്‍ രാജ്യം മുങ്ങിനില്‍ക്കേയാണ് 15ാം വാര്‍ഷികം ആഘോഷിക്കുന്ന നഗരത്തിന്റെ അഭിമാനസ്തംഭമായ ഈ നിര്‍മിതിയോട് ചേര്‍ന്ന കടല്‍തീരം ഒരുക്കാന്‍ പദ്ധതിയിടുന്നത്. ഹോട്ടലിന്റെ അറേബ്യന്‍ ഗള്‍ഫ് ദിശയിലാവും ഇത്.
ആഢംബര ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സ്വന്തമായി ഹെലിപ്പാട് ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ നിലനില്‍ക്കേയാണ് കടല്‍ത്തീരമില്ലെന്ന കുറവ് പരിഹരിക്കാന്‍ ഹോട്ടലിന്റെ ഉടമകളായ ജുമൈറ ഗ്രൂപ്പ് നടപടിക്കൊരുങ്ങുന്നത്. കടല്‍തീരം സജ്ജമാക്കാനുള്ള അന്തിമ പ്ലാനിനായി കാത്തിരിക്കയാണെന്ന് ജുമൈറ ഗ്രൂപ്പ് പ്രസിഡന്റും സി ഇ ഒയുമായ ജെറാള്‍ഡ് ലോലെസ്സ് വ്യക്തമാക്കി. പദ്ധതി തയ്യാറായാല്‍ ദുബൈ അധികാരികളില്‍ നിന്നു നിര്‍മാണം ഉള്‍പെടെയുള്ള കാര്യങ്ങള്‍ക്ക് അനുമതി ലഭിക്കേണ്ടതുണ്ട്.
പ്രവര്‍ത്തി തുടങ്ങാന്‍ സാധിച്ചാല്‍ മൂന്നു വര്‍ഷമെങ്കിലും വേണ്ടി വരും പൂര്‍ത്തീകരിക്കാന്‍. കടലില്‍ കൃത്രിമമായി നിര്‍മിച്ചിരിക്കുന്ന, ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ദ്വീപിന്റെ ചുറ്റുമുള്ള പാറക്കല്ലുകളും കോണ്‍ക്രീറ്റും ഭാഗിഗമായി നീക്കി വേണം കടല്‍ത്തീരം സാക്ഷാത്കരിക്കാന്‍. കടല്‍തീര നിര്‍മാണം ഹോട്ടലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കും.
നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് സ്വീറ്റിന് 6,740 ദിര്‍ഹവും ഏറ്റവും ഉയര്‍ന്ന റോയല്‍ സ്വീറ്റിന് 40,446 ദിര്‍ഹമാണ് ഒരു രാത്രി തങ്ങാനുള്ള ചെലവ്. കടല്‍ നികത്തി ബീച്ച് സജ്ജമാക്കല്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കടലില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ മൂന്നു ആഢംബര നീന്തല്‍ക്കുളങ്ങളുമുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നി ഒപേര, ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം തുടങ്ങിയവക്ക് സമാനമായി ദുബൈയുടെ യശസുയര്‍ത്തുന്നതാണ് ബുര്‍ജ് അല്‍ അറബെന്നും ലോലെസ്സ് അഭിപ്രായപ്പെട്ടു.

Latest