Connect with us

Wayanad

താഴെ കട്ടയാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് വളര്‍ത്തു മൃഗങ്ങള്‍ ചത്തു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി : വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ കട്ടയാട് ഗ്രാമവാസികള്‍ക്ക് വെള്ളിടിയായി കടുവയുടെ രംഗപ്രവേശനം.
ബത്തേരി ടൗണില്‍ നിന്നും 720 മീറ്റര്‍ അകലെയാണ് കടുവയുടെ ആക്രമണം മൂലം രണ്ട് പശുക്കുട്ടികള്‍ ചത്തത്. താഴെ കട്ടയാട് പള്ളിപ്പുറത്ത് ജോര്‍ജ്ജിന്റെ കാപ്പിത്തോട്ടത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കിടാക്കളെയാണ് കഴിഞ്ഞ ദിവസം പകല്‍ കടുവ കടിച്ചു കൊന്നത്. ഉച്ചയോടെയാണ് രണ്ട് പശുക്കിടാക്കള്‍ ചത്ത് കിടക്കുന്നത് കണ്ടെത്തിയത്്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി തിരിച്ച് പോയി. ഇന്നലെ ബത്തേരിക്കടുത്ത ദൊട്ടപ്പന്‍കുളത്ത് ചീനപ്പുല്ല് കാപ്പിത്തോട്ടത്തില്‍ പുള്ളിമാനിനെയും കടുവ കടിച്ചുകൊന്നു.പകുതി ഭക്ഷിച്ച ശേഷമുള്ള ജഡാവശിഷ്ടം നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കട്ടയാടുള്ള അഞ്ച് ഏക്കര്‍ വന നിബഡമായ സ്ഥലത്ത് കടുവയെ കണ്ടതായി പ്രദേശവാസികളും പണിക്കാരും വനം വകുപ്പിനെ അറിയിച്ചു. ഡി.എഫ്.ഒ റോയി പി.തോമസിന്റെ നിര്‍ദ്ദേശ പ്രകാരം ചെതലയം റെയിഞ്ച് ഓഫീസര്‍ അജിത് കെ രാമന്റെ നേതൃത്വത്തില്‍ വനപാലക സംഘം പ്രദേശത്ത് എത്തി സ്ഥലം നിരീക്ഷണം നടത്തി. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്‌തെങ്കിലും ഉപദ്രവകാരിയായി കടുവയെ കണ്ടെത്താന്‍ ആയില്ല. വനാതിര്‍ത്തിയിലൂടെ ആനക്കിടങ്ങും വൈദ്യുതി കമ്പിവേലിയും വനം വകുപ്പ് നിര്‍മ്മിച്ചത് കട്ടാനകളുടേയും മറ്റ് വന്യമൃഗങ്ങളുടേയും വിളനിലമായ കട്ടയാട് ഗ്രാമവാസികള്‍ക്ക് അല്‍പം ആശ്വാസമായിരുന്നു. എന്നാല്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് വളര്‍ത്തു മൃഗങ്ങള്‍ ചത്തതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് വീണ്ടും വന്യമൃഗശല്യം തലവേദനയായി മാറിയിരിക്കുകയാണ്. ബത്തേരി റെയിഞ്ചില്‍പ്പെട്ട മാതമംഗലത്തും ഇന്നലെ കടുവ ഇറങ്ങിയിരുന്നു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് വളര്‍ത്തു മൃഗങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഡി.എഫ്.ഒ. റോയി പി.തോമസ് പറഞ്ഞു.