Connect with us

Wayanad

കീഴുപറമ്പ് സ്‌കൂളിലെ പീഡനം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Published

|

Last Updated

മഞ്ചേരി: കീഴുപറമ്പ് ഓത്തുപ്പള്ളിപ്പുറായ് ജി എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ലൈംഗിക പീഡനത്തിന് വിധേയരാക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹെഡ്മാസ്റ്ററോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ഈ മാസം ഒമ്പതിനകം നല്‍കണം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷണ നിയമം 2012 (21) വകുപ്പ് പ്രകാരം ഇത്തരം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും പിഴയും ചുമത്താവുന്ന കുറ്റമാണ്. സംഭവത്തില്‍ എന്ത് നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടുള്ളത് എന്ന് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അരീക്കോട് എ ഇ ഒയോടും ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിന് ഇരയായ കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുള്ള കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മേധാവി സമീര്‍ മച്ചിങ്ങലിനെ ചുമതലപ്പെടുത്തി. സി ഡബ്ലിയു സി സിറ്റിംഗില്‍ ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്, അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു, അഡ്വ. ഹാരിസ് പഞ്ചിളി, എം മണികണ്ഠന്‍ പങ്കെടുത്ത സിറ്റിംഗിലാണ് തീരുമാനം. കഴിഞ്ഞമാസം 28ന് സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അരീക്കോട് ജുവനൈല്‍ പോലീസ് യൂനിറ്റിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ നേരത്തെ സമാനമായ ലൈംഗിക അതിക്രമങ്ങള്‍ ഈ അധ്യാപകനില്‍ നിന്നും ചില വിദ്യാര്‍ഥിനികള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹെഡ്മാസ്റ്ററോട് വിശദീകരണം ആവശ്യപ്പെട്ടത്.

Latest