Connect with us

Kozhikode

ശശികലയുടെ ഭാവനക്ക് ഹാട്രിക്ക്

Published

|

Last Updated

കോഴിക്കോട്: 55ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിസ്റ്റ് ശശികലക്ക് ഇത് ഹാട്രിക്ക് തിളക്കം. ഇക്കഴിഞ്ഞ നവംബര്‍ ആറ് മുതല്‍ എട്ട് വരെ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌പെഷ്യല്‍ കലോത്സവത്തിന്റെ ലോഗോയും കഴിഞ്ഞ ദിവസം തിരൂരില്‍ സമാപിച്ച ശാസ്‌ത്രോത്സവത്തിന്റെ ലോഗോയും ശശികലയുടെ ഭാവനയില്‍ തന്നെയാണ് വിരിഞ്ഞത്.
2010 ല്‍ കോഴിക്കോട് നടന്ന സുവര്‍ണ ജൂബിലി സംസ്ഥാന സ്‌കൂള്‍ കലോത്സവം, അതേ വര്‍ഷത്തില്‍ തിരുവല്ലയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള, കേരള സര്‍ക്കാറിന്റെ വയോജന നയം, സംസ്ഥാന കേരളോത്സവം, കേരള സാക്ഷരതാ മിഷന്‍, ശിവഗിരി തീര്‍ഥാടന പ്ലാറ്റിനം ജൂബിലി അടക്കം 60 ഓളം ലോഗോ ഇതിനകം രൂപകല്‍പ്പന ചെയ്ത ഇദ്ദേഹം 400 ഓളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അതാത് പ്രദേശങ്ങളുടെ ചരിത്രപരമായ പശ്ചാത്തലങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇദ്ദേഹം ലോഗോ തയ്യാറാക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി തയ്യാറാക്കിയ ലോഗോയില്‍ കലാമുദ്രകള്‍ക്കൊപ്പം തുറമുഖ നഗരമെന്ന കോഴിക്കോടിന്റെ പശ്ചാത്തലം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ താവക്കരയില്‍ താമസിക്കുന്ന ശശികലയുടെ ഭാര്യ കലയാണ്. ഡിഗ്രി വിദ്യാര്‍ഥിനി ശില്‍പ്പ ശശികല, കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഈ വര്‍ഷം ഒന്നാം റാങ്കോടെ എം സി ജെ വിജയിച്ച കാവ്യ ശശികല, എട്ടാം ക്ലാസില്‍ പഠിക്കുന്ന കലേഷ് ശശികല എന്നിവര്‍ മക്കളാണ്.
ലഭിച്ച 110 എന്‍ട്രികളില്‍ നിന്ന് ആര്‍ട്ടിസ്റ്റ് മദനന്‍, ആര്‍ കെ പൊറ്റശേരി, കെ മാധവന്‍ എന്നിവരടങ്ങിയ പാനലാണ് ലോഗോ തിരഞ്ഞെടുത്തത്.

Latest