ബാര്‍ കോഴ: സി ഡികള്‍ സഭയുടെ മേശപ്പുറത്ത് വെക്കാന്‍ അനുവദിച്ചില്ല

Posted on: December 3, 2014 3:25 pm | Last updated: December 3, 2014 at 11:32 pm

niyamasabha1തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ അടങ്ങുന്ന രണ്ട് സി ഡികള്‍ നിയമസഭയുടെ മേശപ്പുറത്ത് വെക്കാന്‍ അനുവദിക്കണമെന്ന സി പി എം നിയമസഭാ കക്ഷി ഉപനേതാവിന്റെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളി.
വാര്‍ത്താ ചാനലുകള്‍ വഴി നിരവധി തവണ സംപ്രേഷണം ചെയ്ത് ജനങ്ങള്‍ പലതവണ കണ്ട ദൃശ്യങ്ങള്‍ മാത്രമാണ് സി ഡിയിലുളളതെന്നും ഇതില്‍ കൂടുതല്‍ ദൃശ്യങ്ങളൊന്നും സി ഡികളില്‍ ഇല്ലെന്നതുമാണ് കോടിയേരിയുടെ ആവശ്യം നിരസിക്കുന്നതിന് കാരണമായി ചെയര്‍ കാണുന്നതെന്ന് ഇന്നലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ റൂളിംഗില്‍ വ്യക്തമാക്കി.
ചെയറിന്റെ റൂളിംഗിനെതിരെ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവും പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തെത്തിയത് സഭയില്‍ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചു. സഭ ഇത് തെളിവായി സ്വീകരിച്ച് വിജിലന്‍സിനോട് നടപടിക്ക് നിര്‍ദേശിച്ചില്ലെങ്കില്‍ താന്‍ മറ്റ് നിയമനടപടി സ്വീകരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ 65ബി വ്യവസ്ഥ അനുസരിച്ച് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വന്നത് തെളിവായി സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിജിലന്‍സ് അതിന് തയ്യാറാകാത്തതിനാലാണ് താന്‍ നിയമസഭയില്‍ ഇത് ഹാജരാക്കുന്നതെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വന്നതെല്ലാം തെളിവായി സ്വീകരിക്കണമെന്ന് ആക്ടില്‍ പറയുന്നില്ലെന്ന് ഭരണപക്ഷത്ത് നിന്ന് കെ ശിവദാസന്‍ നായര്‍ ഖണ്ഡിച്ചു. എന്നാല്‍ എം എം മണിക്കെതിരെ കേസെടുത്തത് എങ്ങനെയാണെന്നായി കോടിയേരി. മണിയുടേത് കുറ്റസമ്മത മൊഴിയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടു. തെളിവുണ്ടെങ്കില്‍ അത് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍ നടപടിയെടുക്കാത്തതിനാലാണ് നിയമസഭയില്‍ ഹാജരാക്കിയതെന്ന് പറഞ്ഞ കോടിയേരി ഇവിടെ എടുത്തില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇത് കൊടുക്കാമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ആവര്‍ത്തിച്ചു.
പി കെ ബഷീറിന്റെ തിരഞ്ഞെടുപ്പ് കേസില്‍ ഏറ്റവും ഒടുവിലുണ്ടായ വിധിയനുസരിച്ച് ഇലക്ട്രോണിക് മാധ്യമത്തില്‍ വന്നത് തെളിവായി സ്വീകരിക്കാനാകില്ലെന്ന് തീര്‍ത്ത് പറഞ്ഞിട്ടുണ്ടെന്ന് അപ്പോള്‍ ഇടപെട്ട മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തര്‍ക്കം രൂക്ഷമായതോടെ ഡെപ്യൂട്ടി സ്പീക്കര്‍ വീണ്ടും ഇടപെട്ടു. ചെയറിന്റെ റൂളിംഗിനെ ചോദ്യം ചെയ്യുന്നതോ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആ സി ഡി മുഴുവനായും താന്‍ കണ്ടു.
ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത ആന്റണി രാജു നടത്തിയ ചാനല്‍ ചര്‍ച്ചകളും ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളുമല്ലാതെ സിഡിയില്‍ മറ്റൊന്നുമില്ല. ഇതുകൊണ്ടാണ് സി ഡി സഭയുടെ മേശപ്പുറത്തു വെക്കാന്‍ അനുവദിക്കാത്തത്. എഫ് ഐ ആര്‍ എടുക്കാന്‍ ആധികാരികരേഖയായി സ്വീകരിക്കണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് കൊടുക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.

ALSO READ  വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ വന്‍ അഴിമതി; പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്