Connect with us

Kerala

ബാര്‍ കോഴ കേസ്: സഭയില്‍ പ്രതിപക്ഷ ബഹളം; ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്ന് ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ നിയമസഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് സഭയില്‍ അരങ്ങേറിയത്. സഭ നടത്താനാകാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. പ്രതിപക്ഷ ബഹളം രൂക്ഷമായതിനിടെ സ്പീക്കറുടെ ഡയസില്‍ കയറുകയും മൈക്ക് പിടിച്ചെടുത്തു മുദ്രാവാക്യം വിളിക്കുകയും ചെയ്ത പ്രതിപക്ഷ എം എല്‍ എ. വി ശിവന്‍കുട്ടിയെ ഇന്നലെ സഭാ നടപടികള്‍ അവസാനിക്കും വരെ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കറുടെ ഡയസില്‍ കയറിയ പി ശ്രീരാമകൃഷ്ണന്‍, ബാബു എം പാലിശ്ശേരി, ടി വി രാജേഷ്, ആര്‍ രാജേഷ് എന്നിവര്‍ക്കു കര്‍ശന താക്കീതും നല്‍കി.

ഇന്നലെ ചോദ്യോത്തരവേള മുതല്‍ സഭ ബഹളത്തില്‍ മുങ്ങി. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് മാണിക്കെതിരെ അന്വേഷണം നടത്താത്തതു സംബന്ധിച്ചു ശ്രദ്ധക്ഷണിക്കലിനുശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സബ്മിഷന്‍ അവതരിപ്പിച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. സബ്മിഷനായി വി എസ് എഴുന്നേറ്റ ഉടന്‍ ക്രമപ്രശ്‌നം ഉന്നയിച്ച് കോണ്‍ഗ്രസ് എം എല്‍ എ. പി സി വിഷ്ണുനാഥ് രംഗത്തെത്തി. കഴിഞ്ഞ ദിവസം അടിയന്തരപ്രമേയമായി അവതരിപ്പിച്ച വിഷയം സബ്മിഷനായി ഉന്നയിക്കുന്നതു ചട്ടം 304(2)ന്റെ ലംഘനമാണെന്ന് വിഷ്ണുനാഥ് ഉന്നയിച്ചു. ഇത് അല്‍പ്പസമയം ഒച്ചപ്പാടിന് ഇടയാക്കി. വിഷ്ണുനാഥിന്റെ ക്രമപ്രശ്‌നം ശരിയാണെങ്കിലും പ്രതിപക്ഷ നേതാവിനോടുള്ള ബഹുമാനസൂചകമായി സബ്മിഷന്‍ അനുവദിക്കുകയാണെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കി.
ബാര്‍ കോഴ സംബന്ധിച്ച കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് വി എസ് ആരോപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ ആഭ്യന്തര മന്ത്രി ക്വിക് വെരിഫിക്കേഷന് ഉത്തരവിട്ടതോടെ വിജിലന്‍സിനെ ശരിക്കും കൂട്ടിലടച്ച തത്തയാക്കി മാറ്റി. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി എസ് ആരോപിച്ചു. എന്നാല്‍, ക്വിക് വേരിഫിക്കേഷന് ഉത്തരവിട്ടതില്‍ തനിക്ക് പങ്കില്ലെന്നും ഉത്തരവ് വിജിലന്‍സ് ഡയറക്ടറേറ്റിന്റെതാണെന്നുമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തത്. വി എസിന്റെ പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും കേസ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ക്വിക് വേരിഫിക്കേഷന് മുമ്പ് തന്നെ മാണിയെ കുറ്റവിമുക്തനാക്കിയുള്ള യു ഡി എഫ് തീരുമാനം വന്നതും ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പരാമര്‍ശങ്ങളും വിജിലന്‍സിനുള്ള നിര്‍ദേശമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇത് ഭരണ മുന്നണിയുടെ പിന്തുണയുടെ ഭാഗം മാത്രമാണെന്നും അന്വേഷണം ഏത് ദിശയില്‍ പോകണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണെന്നും രമേശ് ചെന്നിത്തല മറുപടി നല്‍കി. ചെന്നിത്തലയുടെ മറുപടിക്കു ശേഷം വിഎസ് വീണ്ടും സംസാരിക്കാന്‍ ആരംഭിച്ചങ്കിലും ചെയര്‍ അനുവദിച്ചില്ല.
ഇതേത്തുടര്‍ന്നാണ് പ്രക്ഷുബ്ധ രംഗങ്ങള്‍ക്കു സഭ വേദിയായത്. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് അടുത്തു. ശിവന്‍കുട്ടിയും മറ്റ് എം എല്‍ എമാരും ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ അടുത്തെത്തി മൈക്ക് കൈക്കലാക്കി മുദ്രാവാക്യം വിളിച്ചു. ഇതോടെ സഭ താത്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്ന് കക്ഷിനേതാക്കളുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല. പതിനൊന്ന് മണിക്ക് നിര്‍ത്തിവെച്ച സഭ ഒന്നര മണിക്കൂറിന് ശേഷമാണ് വീണ്ടും ചേര്‍ന്നത്.
സഭയിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും കടുത്ത അച്ചടക്ക ലംഘനമാണെന്നും ചെയര്‍ പറഞ്ഞു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് സഭ അവസാനിക്കും വരെ സസ്‌പെന്‍ഷനും മറ്റു നാല് എം എല്‍ എമാര്‍ക്കു കടുത്ത താക്കീതും നല്‍കണമെന്നു കാട്ടി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ വീണ്ടും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു.

Latest