കുരങ്ങുപനി: ഒരു കുടുംബം കൂടി നിരീക്ഷണത്തില്‍

Posted on: December 2, 2014 4:18 pm | Last updated: December 3, 2014 at 12:19 am

നിലമ്പൂര്‍: കുരങ്ങുപനി സ്ഥിരീകരിച്ച ഉള്‍വനത്തിലെ നാഗമലയില്‍ ഒരു കുടുംബം കൂടി നിരീക്ഷണത്തില്‍. പനിബാധിച്ച് അവശനിലയിലായ കോളനിയിലെ ഹരിദാസനേയും മൂന്ന് കുട്ടികളേയുമാണ് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നത്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കരുളായില്‍ നിന്ന് 12 കിലോമീറ്റര്‍ ഉള്‍വനത്തിലെ കോളനിയില്‍ നിന്ന് ഇവരെ ആശുപത്രിയിലെത്തിക്കാനായില്ലെങ്കില്‍ കോളനിയില്‍വെച്ച് തന്നെ പ്രതിരോധ മരുന്നുകള്‍ നല്‍കും. കോളനിയിലെ താടി മാതന്‍ എന്നയാള്‍ക്കാണ് മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നത്. അതേസമയം കുരങ്ങുപനി വ്യാപിക്കുമെന്ന ആശങ്ക ശക്തമായ സഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കുരങ്ങുകള്‍ ചത്തനിലയില്‍ കണ്ടെത്തിയ ഭൂമിക്കുത്ത്, മാഞ്ചാരി ഭാഗങ്ങളില്‍ മാലത്തിയോണ്‍ ഡെസ്റ്റ് എന്ന കീടനാശി ഇന്നലെ പ്രയോഗിച്ചു. കുരങ്ങുകള്‍ ചത്തത് കുരങ്ങുപനി മൂലമാണെന്ന സംശയം നിലനില്‍ക്കുന്നതിനാലാണ് കുരങ്ങുപനി വ്യാപിപ്പിക്കുന്ന ചെള്ളുകളെ നശിപ്പിക്കാനായി കീടനാശിനി തളിക്കുന്നത ്.
കുരങ്ങുകള്‍ ചത്തൊടുങ്ങിയാല്‍ കീടനാശിനി പ്രയോഗം തുടരും. വയനാട്ടില്‍ നിന്നാണ് ആവശ്യമായ കീടനാശിനി എത്തിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാഞ്ചീരികോളനിയില്‍ ഇന്ന് എല്‍ സി ഡി പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസ് സംഘടിപ്പിക്കും. ഡെപ്യൂട്ടി ഡി എം ഒ ന്യൂനമാര്‍ജാന്‍, കരുളായി പി എച്ച് സിയിലെ അജി ആനന്ദ്, രാജേഷ് ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായായി ബോധവത്കരണവും പ്രതിരോധ മരുന്ന് കുത്തിവെപ്പും നടത്തും.
അതേസമയം, കരുളായി വനത്തില്‍ ആറ് കുരങ്ങുകളുടെ ജഡം കണ്ടെത്തിയെങ്കിലും കുരങ്ങുകള്‍ ചാകാന്‍ കാരണം കുരങ്ങുപനിയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുരങ്ങുകളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. റിപ്പോര്‍ട്ട് വേഗത്തില്‍ ലഭിക്കാനായി ഒരു കുരങ്ങിന്റെ ആന്തരികാവയവം കര്‍ണാടകയിലെ ഷിമോഗ വരെ വനം വകുപ്പിന്റെ വാഹനത്തില്‍ നേരിട്ട് എത്തിച്ചാണ് പൂനെയിലേക്ക് അയച്ചത്. റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.