ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

Posted on: December 2, 2014 10:05 pm | Last updated: December 3, 2014 at 9:07 am

harison malayalam

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് കൈവശം വെച്ചിരിക്കുന്ന അനധികൃത ഭൂമിയിലെ 29,185 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലുള്ള അനധികൃത ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവാണ് ഇറങ്ങിയത്. നടപടികള്‍ തുടങ്ങാനായി സ്‌പെഷ്യല്‍ ഓഫീസറും എറണാകുളം ജില്ലാ കലക്ടറുമായ രാജമാണിക്യത്തിന് ഉത്തരവ് കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഒരു മാസത്തെ സാവകാശം നല്‍കികൊണ്ട് കമ്പനിക്ക് നോട്ടീസ് നല്‍കും. ഇതിനെതിരെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടാകും. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അപേക്ഷ നിരസിച്ചാല്‍ സര്‍ക്കാറിനും അപ്പീല്‍ നല്‍കാം.

ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കമ്പനി കൈവശം വെച്ചിരിക്കുന്നത്. അവകാശം വ്യക്തമാക്കി കമ്പനി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും അനുമതി നല്‍കിയത്. ഭൂസംരക്ഷണ നിയമപ്രകാരവും കേരള ലാന്‍ഡ് റവന്യൂ ആക്ട് പ്രകാരവുമാണ് നോട്ടീസ് നല്‍കുക.
സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തുന്നതിനായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന് വ്യാജരേഖ ചമയ്ക്കുന്നതിന് റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും ഇടുക്കിയിലും ഉടുമ്പന്‍ചോലയിലും ഇതിന് തെളിവുകളുണ്ടെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. റീസര്‍വേ രേഖകളിലെ തിരിമറിയും ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. കൈയേറിയ സര്‍ക്കാര്‍ ഭൂമികളില്‍ പിന്നീട് വ്യാജരേഖകളിലൂടെ അവകാശം സ്ഥാപിക്കുകയാണ് കമ്പനി ചെയ്തതെന്നായിരുന്നു പരിശോധനയില്‍ വ്യക്തമായത്. ഇതില്‍ പതിനായിരം ഏക്കര്‍ ഭൂമി പലര്‍ക്കും വിറ്റു. ഭൂമിയുടെ ചരിത്രം മറച്ചുവെച്ചാണ് കോടതിയില്‍ കമ്പനി പല രേഖകളും ഹാജരാക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇടുക്കി, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നേരിട്ട് പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തൃശൂര്‍, വയനാട്, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഹാരിസണ്‍സ് മലയാളത്തിനുള്ള ഭൂമി സ്‌പെഷ്യല്‍ ഓഫീസര്‍ പിന്നീട് പരിശോധിക്കും. കൈയേറിയ സര്‍ക്കാര്‍ ഭൂമികളില്‍ പിന്നീട് വ്യാജരേഖകളിലൂടെ അവകാശം സ്ഥാപിച്ചെടുക്കുന്ന രീതിയാണ് കമ്പനി അവലംബിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.