Connect with us

Articles

ഡബ്ല്യു ടി ഒ: വാദിച്ചു ജയിച്ചതല്ല; തന്ത്രപരമായ ഒത്തുതീര്‍പ്പ്

Published

|

Last Updated

ലോക വ്യാപാര സംഘടന (വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ – ഡബ്ല്യു ടി ഒ) അതിന്റെ ചരിത്രത്തില്‍ ആദ്യമായി, ഒരു കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലേക്ക് അടുക്കുകയാണ്. വ്യാപാര സൗകര്യ കരാര്‍ (ട്രേഡ് ഫെസിലിറ്റേഷന്‍ എഗ്രിമെന്റ് – ടി എഫ് എ) ഒപ്പിടാന്‍ അവസരമൊരുങ്ങുന്നതോടെ, പ്രസക്തി ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയില്‍ നിന്ന് തത്കാലത്തേക്കെങ്കിലും ഡബ്ല്യു ടി ഒ രക്ഷപ്പെടുകയാണ്. 19 വര്‍ഷം നീണ്ട തര്‍ക്കങ്ങള്‍ക്കും പരിഹാരം തേടിയുള്ള കൂടിയാലോചനകള്‍ക്കും ശേഷമാണ് ടി എഫ് എക്ക് ഡബ്ല്യു ടി ഒയുടെ പൊതുസഭ അംഗീകാരം നല്‍കിയത്. അംഗരാഷ്ട്രങ്ങളുടെ സര്‍ക്കാറുകളുടെ ഔപചാരിക അംഗീകാരം കൂടി ലഭിക്കുന്നതോടെ കരാര്‍ പ്രാബല്യത്തിലാക്കാനാകും. ഇത് ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്.
ഭക്ഷ്യമേഖലക്കുള്ള സബ്‌സിഡി പത്ത് ശതമാനമായി നിജപ്പെടുത്തണമെന്നും വിപണി വില നിയന്ത്രിച്ച് നിര്‍ത്താനുള്ള ഉപാധി എന്ന നിലക്കുള്ള പൊതു സംഭരണം നിയന്ത്രിക്കണമെന്നുമുള്ള ടി എഫ് എയിലെ വ്യവസ്ഥകളെ ഇന്ത്യ ശക്തമായി എതിര്‍ത്തതായിരുന്നു കരാര്‍ അംഗീകരിക്കുന്നതിനുള്ള അവസാനത്തെ കടമ്പ. ഇക്കാര്യത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ശരിവെക്കുകയും വേണ്ട ഇളവുകള്‍ നല്‍കുകയും ചെയ്താണ് ടി എഫ് എക്ക് പൊതുസഭ അംഗീകാരം നല്‍കിയതെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെടുന്നു. അന്താരാഷ്ട്ര വ്യാപാര കരാറുകളുടെ കാര്യത്തില്‍ രാജ്യം അടുത്തിടെ കൈവരിച്ച വലിയ വിജയമായാണ് ഇതിനെ വിശേഷിപ്പിക്കുന്നതും.
സബ്‌സിഡിത്തോത് 10 ശതമാനമായി നിജപ്പെടുത്താനും പൊതുസംഭരണം നിയന്ത്രിക്കാനുമുള്ള സമയപരിധി 2017 എന്നാണ് ബാലിയില്‍ ചേര്‍ന്ന ഡബ്ല്യു ടി ഒ സമ്മേളനം നിര്‍ദേശിച്ചിരുന്നത്. കരാര്‍ പ്രാബല്യത്തിലാക്കി നാല് വര്‍ഷം എന്ന് ഇത് പിന്നീട് ഭേദഗതി ചെയ്തു. സമാന വേവലാതി പങ്കുവെക്കുന്ന വികസ്വരരാഷ്ട്രങ്ങള്‍ക്കും അവികസിത രാഷ്ട്രങ്ങള്‍ക്കുമൊപ്പം ഇന്ത്യ ഉയര്‍ത്തിയ പ്രതിരോധത്തെത്തുടര്‍ന്ന്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സ്ഥിരം സംവിധാനമുണ്ടാകും വരെ നിലവിലുള്ള സബ്‌സിഡി, സംഭരണ രീതികള്‍ തുടരാമെന്നാണ് ഒടുവില്‍ ധാരണയായിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇത് ആശ്വാസകരവും ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരവുമായി വ്യാഖ്യാനിക്കാനാകും. അതാണ് നിര്‍മല സീതാരാമന്‍ ചെയ്യുന്നത്.
വ്യാപാര സൗകര്യ കരാര്‍ പൊതുവിലെടുക്കുമ്പോള്‍ അത് രാജ്യത്തിന് എത്രത്തോളം ഗുണകരമാകുമെന്നതിനെയും സബ്‌സിഡികള്‍ കുറച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ (യു പി എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചത്, നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് വേഗം പ്രാപിക്കുന്നതാണ് കാഴ്ച) നടപടികള്‍ സ്വീകകരിച്ച് വരികയാണെന്നതിനെയും കണക്കിലെടുക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊരു സ്ഥിരം സംവിധാനമെന്ന പുതിയ കാഴ്ചപ്പാട് എത്രത്തോളം അമൂര്‍ത്തവും അപ്രായോഗികവുമാണെന്നതും. ഇറക്കുമതിത്തീരുവകള്‍ ഏകീകരിച്ച്, വ്യാപാരത്തിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുക എന്നത് തന്നെയാണ് ടി എഫ് എയുടെ കാതല്‍, തീരുവകള്‍ ഏകീകരിക്കുന്നതിനൊപ്പം വിപണിയിലെ മത്സരത്തിന് വിഘാതമാകുന്ന നിയന്ത്രണങ്ങള്‍ നീക്കുക എന്നതും. അതുകൊണ്ടാണ് സബ്‌സിഡികള്‍ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം കരാറില്‍ ഉള്‍പ്പെടുത്തിയതും. ഇതില്‍ ഭക്ഷ്യമേഖലയെ മാത്രമാണ് തത്കാലത്തേക്ക് സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുക. മറ്റ് ഉത്പന്നങ്ങളുടെ കാര്യത്തിലൊന്നും ഇത് ബാധകമാകുകയില്ല.
കൈത്തറി ഉത്പന്നങ്ങളെ ഉദാഹരണമായി എടുക്കാം. ആഭ്യന്തര – വിദേശ കമ്പനികളുടെ ഉത്പന്നങ്ങളോടും കൊട്ടിഘോഷിക്കപ്പെടുന്ന ബ്രാന്‍ഡുകളോടും മത്സരിച്ച് വിപണി പിടിക്കാന്‍ കൈത്തറിക്ക് സാധിക്കില്ല. അതുകൊണ്ടാണ് അസംസ്‌കൃതവസ്തുക്കള്‍ക്ക് നികുതി ഇളവ് നല്‍കിയും കാലാകാലങ്ങളില്‍ റിബേറ്റ് പ്രഖ്യാപിച്ചും ഈ വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാറുകളും ഇത്തരം ശ്രമങ്ങള്‍ നടത്താറുണ്ട്. കൈത്തറി വ്യവസായത്തെ ഉപജീവിക്കുന്ന ലക്ഷക്കണക്കിനാളുകളെ പരിഗണിക്കുമ്പോള്‍ ഇത്തരം നടപടികള്‍ അനിവാര്യതയുമാണ്, ഇന്ത്യയെ സംബന്ധിച്ച്. ടി എഫ് എ പ്രാബല്യത്തിലാകുന്നതോടെ ഇത്തരം ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നേക്കാം. വലിയ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ പാകത്തില്‍ ഉത്പാദനക്ഷമതയോ വിപണന തന്ത്രങ്ങളോ ഇല്ലാത്ത ഈ മേഖല വളരെ വേഗത്തില്‍ തകരാനിടയുണ്ട് എന്ന് ചുരുക്കം. എളുപ്പം മനസ്സിലാകാന്‍ വേണ്ടി കൈത്തറിയെ ഉദാഹരിച്ചുവെന്ന് മാത്രം, ഇതിനെ സംരക്ഷിതപ്പട്ടികയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ളതാണോ ടി എഫ് എയിലെ നിര്‍ദേശങ്ങള്‍ എന്നത് കരാറിന്റെ പൂര്‍ണരൂപം പുറത്ത് വരുമ്പോള്‍ മാത്രമേ വ്യക്തമാകൂ.
സാങ്കേതിക സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം സാധ്യമാക്കുകയും കയറ്റുമതി ലാക്കാക്കിയുള്ള വ്യാവസായികോത്പാദനം നടത്തുകയും ചെയ്യുന്ന, വികസിത രാഷ്ട്രങ്ങള്‍ക്കാണ് ടി എഫ് എ ഗുണകരമാകുക എന്നത് പകല്‍ പോലെ വ്യക്തമാണ്. അവരുടെ ഉത്പന്നങ്ങള്‍ വികസ്വര, അവികസിത രാഷ്ട്രങ്ങളുടെ വിപണികളിലേക്ക് ഒഴുക്കാന്‍ പാകത്തിലാകും ഇറക്കുമതിത്തീരുവകളുടെ നിജപ്പെടുത്തല്‍. മറ്റ് ആഭ്യന്തര നിയന്ത്രണങ്ങളുടെ അഭാവവും വികസിത രാഷ്ട്രങ്ങളിലെ കമ്പനികളെയാകും തുണക്കുക. ടി എഫ് എ പ്രാബല്യത്തിലാകുന്നതോടെ ലക്ഷം കോടി ഡോളറിന്റെ നേട്ടമാണ് രാജ്യങ്ങള്‍ക്കാകെയുണ്ടാകുക എന്നാണ് ലോക വ്യാപാര സംഘടനയുടെ കണക്ക്. ഇതില്‍ സിംഹഭാഗവും കയറ്റുമതിയില്‍ ആധിപത്യം നേടിയ വികസിത രാജ്യങ്ങള്‍ക്ക് തന്നെയാകും. തീരുവ ഏകീകരിക്കുന്നതിലൂടെ ലഭിക്കുന്ന ഈ നേട്ടത്തന്റെ ചെറുഭാഗം മാത്രം ലഭിക്കുന്ന വികസ്വര, അവികസിത രാഷ്ട്രങ്ങള്‍, ആഭ്യന്തര വ്യവസായ – വ്യാപാര സ്ഥാപനങ്ങളുടെ പ്രതിസന്ധി മൂലമുണ്ടാകുന്ന കെടുതി സഹിക്കേണ്ടിയും വരും.
ചെറുകിട – ഇടത്തരം കമ്പനികളെയാണ് ടി എഫ് എ ഏറെ സഹായിക്കുക എന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെയും ഡബ്ല്യു ടി ഒയുടെയും നേതാക്കള്‍ പറയുന്നത്. വന്‍കിട കമ്പനികളുടെ കാര്യത്തില്‍, സ്വതന്ത്ര വ്യാപാരത്തിലുള്ള തടസ്സങ്ങള്‍ ലോക വ്യാപാര സംഘടനയുടെ ഔദ്യോഗിക കരാറുകളില്ലാതെ തന്നെ സാധ്യമായിട്ടുണ്ട്. സര്‍ക്കാറുകള്‍ പരസ്പരം ഒപ്പുവെച്ച കരാറുകളും നിക്ഷേപമാകര്‍ഷിക്കുന്നതിനായി വിവിധ സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ അനുവദിച്ച ഇളവുകളും വന്‍കിട കമ്പനികള്‍ക്ക് സഹായകമാണ്. അതിന്റെ തുടര്‍ച്ച ഇടത്തരം – ചെറുകിട കമ്പനികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ടി എഫ് എയുടെ പ്രധാന ഉദ്ദേശ്യം.
ആഭ്യന്തര കുത്തകകളോടും നിയന്ത്രണങ്ങളോടെയാണെങ്കിലും പ്രവേശം അനുവദിക്കപ്പെട്ട വന്‍കിട വിദേശ കമ്പനികളോടും മത്സരിക്കാനാകാതെ, തളര്‍ന്ന് കിടക്കുകയാണ് ഇന്ത്യയില്‍ ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍. വിദേശത്തെ ചെറുകിട – ഇടത്തരം കമ്പനികളുടെ ഉത്പന്നങ്ങള്‍ വിപണിയിലേക്ക് എത്തുന്നതോടെ ആഭ്യന്തര സ്ഥാപനങ്ങളുടെ സ്ഥിതി കൂടുതല്‍ ദയനീയമാകാനാണ് സാധ്യത. സാങ്കേതിക രംഗത്ത് ആര്‍ജിച്ച വൈദഗ്ധ്യം തികവാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍, വിദേശ കമ്പനികളെ സഹായിക്കും. സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പാകത്തിലുള്ള നിക്ഷേപം നടത്താന്‍ ശേഷിയില്ലാത്ത ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്, ഇവയോട് മത്സരിക്കുക എളുപ്പമാകില്ല തന്നെ.
ശക്തമായ സമ്മര്‍ദം ചെലുത്തി, ഇന്ത്യ വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ഭക്ഷ്യ സുരക്ഷാ മേഖലയിലും സമീപ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഭക്ഷ്യോത്പന്നങ്ങളുടെയും ഉത്പാദന സാമഗ്രികളുടെയും സബ്‌സിഡി സംബന്ധിച്ച്, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേഗം കൂടിയ കാലത്ത് രൂപപ്പെട്ട മാറിയ ചിന്താഗതിയാണ് പ്രധാന കാരണം. പെട്രോളിന് പുറമെ ഡീസലിന്റെയും വില നിര്‍ണയാധികാരം കമ്പോളത്തിന് വിട്ടുകൊടുത്ത നരേന്ദ്ര മോദി സര്‍ക്കാര്‍, പാചക വാതക സബ്‌സിഡി പരിമിതപ്പെടുത്താന്‍ ആലോചിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവ് ഡീസല്‍, പെട്രോള്‍ വിലകളെ ഇപ്പോള്‍ താഴേക്ക് നയിക്കുന്നുണ്ട്. പക്ഷേ, അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്ന മുറക്ക് രാജ്യത്ത് ഇന്ധന വില കൂടും. ഇത് രാസവളത്തിന്റെ ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കും. സബ്‌സിഡികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്ന സമ്പ്രദായം വ്യാപിപ്പിക്കുകയും രാസവളത്തിന്റെ സബ്‌സിഡി പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടെ, വിപണിയില്‍ ഭക്ഷ്യോത്പന്ന വില വര്‍ധിക്കും. ഭക്ഷ്യ വസ്തുക്കളുടെ സബ്‌സിഡി പരിമിതപ്പെടുത്താനുള്ള നീക്കം ഇതിന് പുറമെയാണ്. അത് കൂടി നടപ്പാകുന്നതോടെ, പൊതു വിപണിയിലൂടെ വിതരണം ചെയ്യുന്നതിന് സംഭരിച്ച് സൂക്ഷിക്കേണ്ട ധാന്യത്തിന്റെ അളവ് കുറക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കും.
ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡി നാല് വര്‍ഷത്തിനകം പത്ത് ശതമാനമായി ചുരുക്കുക എന്ന നിര്‍ദേശത്തെ, എതിര്‍ക്കുകയും ഭക്ഷ്യ സുരക്ഷക്ക് സ്ഥിരം സംവിധാനമാകും വരെ സബ്‌സിഡി തുടരാനുള്ള അവകാശം നേടിയെടുക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സബ്‌സിഡികള്‍ പരിമിതപ്പെടുത്തുന്നതിലൂടെ, ഈ ഇനത്തില്‍ ആകെ നല്‍കുന്ന തുക പത്ത് ശതമാനത്തില്‍ താഴെയാക്കാന്‍ നാല് വര്‍ഷം പോലും കേന്ദ്ര സര്‍ക്കാറിന് വേണ്ടിവരില്ല. ആധാര്‍ തുടരുകയും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി ആരംഭിക്കുകയും ചെയ്തത് സബ്‌സിഡിപ്പണം ഉപഭോക്താവിന് നേരിട്ട് എത്തിക്കുക എന്ന രീതി എല്ലായിടത്തേക്കും വ്യാപിപ്പിക്കാനാണെന്ന് കരുതണം. ഇത് രണ്ടും ചേരുന്നതോടെ വലിയ വിഭാഗത്തെ, ദാരിദ്ര്യ രേഖക്ക് മുകളിലാണെന്ന കാരണത്തില്‍ സബ്‌സിഡി വേലിക്ക് പുറത്തേക്ക് നിര്‍ത്താന്‍ എളുപ്പവുമാണ്.
19 വര്‍ഷം നീണ്ട തര്‍ക്കത്തിനൊടുവില്‍ വ്യാപാര സൗകര്യ കരാറിന്റെ കാര്യത്തില്‍ ധാരണയുണ്ടാക്കുന്നതിന് ലോക വ്യാപാര സംഘടനയെ സഹായിക്കും വിധത്തില്‍ നിലപാടെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് അംഗീകരിപ്പിക്കാന്‍ സാധിച്ചുവെന്ന അവകാശവാദം, ദരിദ്രരും ഇടത്തരക്കാരുമായ 100 കോടിയോളം പേരെ ആശ്വസിപ്പിക്കാനുള്ള വാക്ക് മാത്രം. യഥാര്‍ഥത്തില്‍ വാദിച്ച് ജയിക്കുകയല്ല, തന്ത്രപരമായ ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ഇന്ത്യാ സര്‍ക്കാര്‍ ചെയ്തത്. കരാറിന്റെ ആഘാതം ജനം അനുഭവിക്കാന്‍ തുടങ്ങുന്ന കാലത്തോളം ഈ ഒത്തുതീര്‍പ്പ്, വലിയ വിജയമാണെന്ന വാദം ആവര്‍ത്തിക്കാന്‍ സര്‍ക്കാറിന് സാധിക്കുകയും ചെയ്യും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest