ഇന്‍ഡിഗോ ദുബൈ-ബംഗളൂരു സര്‍വീസ് ആരംഭിക്കും

Posted on: December 1, 2014 8:09 pm | Last updated: December 1, 2014 at 8:09 pm

plaineദുബൈ: അടുത്ത മാസം 15 മുതല്‍ ദുബൈ-ബംഗളൂരു സെക്ടറില്‍ നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി. 2015 ജനുവരി രണ്ട് മുതല്‍ ദുബൈ-കോഴിക്കോട് സെക്ടറില്‍ പുതിയ നോണ്‍ സ്‌റ്റോപ് സര്‍വീസും ഇന്‍ഡിഗോ തുടക്കമിടും. 85 എ 320 എയര്‍ബസുകളാണ് സര്‍വീസിനായി കമ്പനി ഉപയോഗിക്കുന്നത്. 36 നഗരങ്ങളെ ബന്ധിപ്പിച്ച് 548 സര്‍വീസുകളാണ് ഇന്‍ഡിഗോ ദിനേന നടത്തുന്നത്. ഇന്ത്യക്കും മധ്യപൗരസ്ത്യ ദേശത്തിനും ഇടയില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. 12,600 സീറ്റുകളുമായി എട്ട് ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ഇന്‍ഡിഗോ ദിനേന നോണ്‍ സ്‌റ്റോപ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
2014 കമ്പനിയുടെ ചരിത്രത്തിലെ നാഴികകല്ലായിരുന്നുവെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് അഭിപ്രായപ്പെട്ടു. പ്രശസ്തമായ എയര്‍ബസ് എക്‌സലന്‍സ് അവാര്‍ഡ് നേടാന്‍ കമ്പനിക്ക് സാധിച്ചു. ആദ്യമായാണ് രാജ്യാന്തര തലത്തില്‍ ഏറെ പ്രശസ്തമായ ഈ അവാര്‍ഡ് ഒരു ഇന്ത്യന്‍ വിമാന കമ്പനി കരസ്ഥമാക്കുന്നത്. 250എ320 വിമാനങ്ങള്‍ക്കുള്ള 100ാമത്തെ ഓര്‍ഡര്‍ നല്‍കിയതിലൂടെയാണ് അവാര്‍ഡിന് അര്‍ഹമായത്. കോഴിക്കോടിനും ബാംഗളൂരുവിനും ഇടയില്‍ സഞ്ചരിക്കുന്നവര്‍ക്ക് കൂടുതല്‍ വിമാന സര്‍വീസ് ലഭ്യമാക്കാനാണ് ഇതിലൂടെ കമ്പനി പരിശ്രമിക്കുന്നത്. ദുബൈയാണ് കമ്പനിയുടെ പ്രധാന വാണിജ്യ നഗരമെന്നും ഘോഷ് പറഞ്ഞു.