Connect with us

Kerala

സ്‌കൂള്‍ കലോല്‍സവം: ജനകീയ മേളക്കായി ഇനി കോഴിക്കോട് ഒന്നിച്ച്

Published

|

Last Updated

കോഴിക്കോട് : 55 ാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ന്നതോടെ കലോല്‍സവം ജനകീയ മേളയാക്കാനുള്ള ഒരുക്കം അണിയറയില്‍ തുടങ്ങി. മാനാഞ്ചിറക്കും സ്വപ്‌നനഗരിക്കുമായി ഇരുപക്ഷവും രംഗത്തെത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. കഴിഞ്ഞ ദിവസം ചര്‍ച്ചക്കൊടുവില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനം പ്രധാനവേദിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിച്ച് മേളയുടെ വിജയത്തിനായുള്ള ആഹ്വാനങ്ങളും എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നു തുടങ്ങി. പ്രധാന വേദിക്കു പുറമെ മറ്റു വേദികള്‍ സംബന്ധിച്ച ചര്‍ച്ചകളും അണിയറയില്‍ തുടങ്ങി. വേദികള്‍ തമ്മിലുള്ള അകലം കുറച്ചു പരമാവധി സൗകര്യപ്രദമായ രൂപത്തില്‍ വേദികള്‍ സജ്ജീകരിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ദേശീയ ഗെയിംസിന് വേണ്ടി ഒരുങ്ങുന്നതിനാല്‍ നഗരിക്ക് അനുയോജ്യമായ നഗരത്തിലെ ചില ഗ്രൗണ്ടുകള്‍ ഉപയോഗപ്പെടുത്താനാകില്ല. ഇപ്പോള്‍ പ്രധാന വേദിയായ തീരുമാനിച്ച മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനം ദേശീയ ഗെയിംസ് പരിശീലനത്തിനായി നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇത് പ്രധാന വേദിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.
പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ പരമാവധി ഭംഗിയായി മേള നടത്താനാണ് കഴിഞ്ഞ ദിവസം ധാരണയായത്. അമ്പതാം സ്‌കൂള്‍ കലോല്‍സവം കോഴിക്കോട് വെച്ച് ജനകീയമായി നടത്തിയതിന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനു മുമ്പു ആറു തവണയാണ് കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് വേദിയായിട്ടുള്ളത്. 1960, 1976, 1987, 1994, 2002, 2010 എന്നീ വര്‍ഷങ്ങളിലാണ് കോഴിക്കോട് വെച്ച് മേള നടത്തിയത്. 1976 ല്‍ കോഴിക്കോട് നടന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ രൂപവും ഭാവവും മാറ്റിയത്. കൂടുതല്‍ മല്‍സര ഇനങ്ങള്‍ കടന്നു വന്നതും മേളയുടെ ദിവസങ്ങള്‍ വര്‍ധിപ്പിച്ച് ജനകീയമാക്കിയതും 1976 ലാണ്. 2007 മുതല്‍ 2014 വരെ തുടര്‍ച്ചയായി കലാമേളയുടെ സ്വര്‍ണ കീരീടം സൂക്ഷിക്കുന്ന കോഴിക്കോട്ടേക്ക് വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെത്തുമ്പോല്‍ കോഴിക്കോട്ടെ കലാപ്രേമികള്‍ ആവേശത്തിലാണ്.