Connect with us

Editorial

ഹാരിസന്‍ ഭൂമി: നടപടി ഊര്‍ജിതമാക്കണം

Published

|

Last Updated

ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നടപടികള്‍ ആശാവഹമാണ്. ഹാരിസന്റെ അധീനതയിലുള്ള 62,500 ഏക്കറോളം ഭൂമി സര്‍ക്കാറിന്റേതാണെന്നും കൃത്രിമ രേഖ ഉപയോഗിച്ചാണ് കമ്പനി അവ കൈവശപ്പെടുത്തിയതെന്നും ഹാരിസന്‍ സ്‌പെഷല്‍ ഓഫിസര്‍ എറണാകുളം കലക്ടര്‍ എം ജി രാജമാണിക്യം ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഭൂമി പൂര്‍ണമായും തിരിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉടമസ്ഥാവകാശവാദം ഉന്നയിച്ച് കമ്പനി ഹാജരാക്കിയ രേഖകള്‍ പൂര്‍ണമായും പരിശോധിച്ച ശേഷമാണ് ഭൂമിയില്‍ കമ്പനിക്ക് നിയമപരമായ അധികാരമില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിദേശ നിര്‍മിതമായ വ്യാജരേഖകള്‍ കൂടി ഹാരിസണ്‍സിന്റെ പക്കലുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ പട്ടയങ്ങളും വ്യാജ ക്രയവിക്രിയ സര്‍ട്ടിഫിക്കറ്റുകളും ഇവയില്‍ ഉള്‍പ്പെടുന്നു. തിരുവിതാംകൂര്‍ ഭരണകാലത്ത് കൊല്ലം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ രേഖപ്പെടുത്തിയ രേഖകള്‍ വരെ വ്യാജമാണ്. ഭൂമി സര്‍ക്കാറിന്റേതാണോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവ് നല്‍കിയിരുന്നു. ഈ അടിസ്ഥാനത്തില്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ് സ്‌പെഷല്‍ ഓഫീസറെ സര്‍ക്കാര്‍ നിയോഗിച്ചത്. ഈസ്റ്റ് ഇന്ത്യ ടീ ആന്‍ഡ് പ്രൊഡ്യൂസ് കമ്പനി ഉള്‍പ്പെടെ നിരവധി വിദേശ കമ്പനികളില്‍ നിന്നാണ് എട്ട് ജില്ലകളിലായി ഹാരിസണ്‍സ് മലയാളം ഭൂമി കൈവശമാക്കിയതെന്നാണ് രേഖകളിലുള്ളത്. നേരത്തെ ഇതു സംബന്ധിച്ചു അന്വേഷണം നടത്തിയ ഇന്റലിജന്‍സും കമ്പനിയുടെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നിരുന്നു.
ബ്രിട്ടീഷ് കമ്പനിയാണ് ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍. ഒരു വിദേശ കമ്പനിക്ക് സ്വതന്ത്ര ഇന്ത്യയിലെ പാട്ടഭൂമിക്കുമേല്‍ അധികാരമില്ലെന്ന് മനസ്സിലാക്കി 1978ല്‍ കമ്പനിയുടെ പേര് മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡ് എന്നാക്കി മാറ്റുകയായിരുന്നു. സംസ്ഥാനത്തെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെയും സംസ്ഥാന ലാന്‍ഡ്‌ബോര്‍ഡിന്റെയും ഒത്താശയോടെയായിരുന്നു ഫെറ നിയമത്തിന്റെയും കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെയും പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കമ്പനിയുടെ ഈ കളികള്‍ അരങ്ങേറിയത്. സര്‍ക്കാര്‍ തലത്തില്‍ തന്നെയും പലപ്പോഴും കമ്പനിക്കനുകൂലമായ നീക്കങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഹാരിസണ്‍സ് ഭൂമിയെക്കുറിച്ച് പഠിക്കാന്‍ മൂന്ന് കമീഷനുകളെ നിയോഗിച്ചിരുന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ നേതൃത്വത്തില്‍ ഹൈ ലവല്‍ കമ്മിറ്റിയെയാണ് ആദ്യം നിയോഗിച്ചത്. കമ്പനി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട് നല്‍കി. ഇതടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമവശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് എല്‍ മനോഹരനെ നിയോഗിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെയും റിപ്പോര്‍ട്ട്. പിന്നീട് കമ്പനിയെയും ഭൂമിയെയും കുറിച്ച് വിശദ റിപ്പോര്‍ട്ട് തയാറാക്കാന്‍ റവന്യൂ വകുപ്പ് അസി. കമീഷണര്‍ ഡി. സജിത്ബാബുവിന്റെ നേതൃത്വത്തില്‍ കമീഷനെ നിയോഗിച്ചു. കമ്പനി പ്രവര്‍ത്തനം നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് സജിത്ബാബു കമീഷനും തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ അന്ന് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായില്ല. വലിയ കൊട്ടിഘോഷത്തോടെ നടന്ന മൂന്നാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ കാലത്തും ഹാരിസന്‍ ഭൂമി ആരും തൊട്ടില്ല. ഇതിന്റെ പിന്നില്‍ സര്‍ക്കാറിലെ ചില ഉന്നതരും കമ്പനിയുമായുള്ള രഹസ്യ ധാരണകളുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ഹാരിസണ്‍സിന്റെ പ്രവര്‍ത്തനവും ഭൂമികൈവശം വെക്കലും ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിനൊടുവിലാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഭൂമിയെയും നിയമനവും കമ്പനിക്കെതിരായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുമുണ്ടായത്. ഇനിയെങ്കിലും ഈ ഭൂമി തിരിച്ചു പിടിക്കാനുളള നടപടികള്‍ ഊര്‍ജിതമാക്കിയാല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 2,33,232 ഭൂരഹിതരെ ഭൂവുടമകളാക്കി മാറ്റാനും കേരളത്തിന്റെ സമ്പത്ത് കൊള്ള ചയ്തു ബ്രിട്ടനിലേക്ക് കടത്തുന്ന പ്രവണതക്ക് അറുതിവരുത്താനുമാകും. മുമ്പ് പലപ്പോഴും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് കമ്പനി ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ പരാജയപ്പെടുത്തിയത്. ഇനിയും അത്തരം അട്ടിമറി ശ്രമങ്ങള്‍ കമ്പനി നടത്തിക്കൂടായ്കയില്ല. ഇതിനെതിരെ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Latest