അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍

Posted on: November 30, 2014 2:33 pm | Last updated: December 1, 2014 at 12:22 am

maoists--621x414പാലക്കാട്: അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശിശുമരണങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ നിലപാടെന്ന് രേഖപ്പെടുത്തി പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസവും അട്ടപ്പാടിയിലെ ചിലയിടങ്ങളില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രദേശത്തെ ആദിവാസികള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ സാഹചര്യം അനുകൂലമാക്കിയാണ് മാവോയിസ്റ്റുകള്‍ പ്രദേശത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. സി പി ഐ(മാവോയിസ്റ്റ്) രൂപവത്കരണത്തിന്റെ പത്താം വാര്‍ഷികം പിന്നിടുന്നതിനിടെയാണ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരില്‍ വീണ്ടും അട്ടപ്പാടിയില്‍ പോസ്റ്ററുകള്‍ പൊങ്ങിയത്. സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടക്കായുള്ള പ്രത്യേക തണ്ടര്‍ബോള്‍ട്ട് സംഘവും പോലീസും രഹസ്യാന്വേഷണ വിഭാഗവും മാസങ്ങളായി അട്ടപ്പാടിയില്‍ അരിച്ചുപെറുക്കുന്നതിനിടെയാണ് അധികൃതരെ വെല്ലുവിളിച്ച് മാവോയിസ്റ്റുകള്‍ സാന്നിധ്യം തെളിയിച്ചിരിക്കുന്നത്.
ഇതിനിടെ, നവംബര്‍ 17ന് വയനാട് തിരുനെല്ലിയിലെ സ്വകാര്യ റിസോര്‍ട്ട് ആക്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖയും പാലക്കാട് വ്യാപകമായിട്ടുണ്ട്. ടൂറിസം മാഫിയകളെ തുരത്തുകയെന്ന ആഹ്വാനത്തോടെ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയാണ് ലഘുലേഖ ഇറക്കിയിട്ടുള്ളത്. കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസുകളാണ് നഗരത്തിലെ പലയിടത്തും ഇട്ടിരിക്കുന്നത്. വയനാടിന്റെ ആവാസ വ്യവസ്ഥക്കും ജനങ്ങളുടെ നിലനില്‍പിനും ഭീഷണിയായ ടൂറിസം മാഫിയകളെ തുരത്തിയോടിക്കുക, ജനകീയ പ്രക്ഷോഭകര്‍ക്കും വിപ്ലവകാരികള്‍ക്കും നേരെ യു എ പി എ നിയമം ചുമത്തിയ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുള്‍ക്കൊള്ളുന്നതാണ് ലഘുലേഖ.
വയനാട്ടിലെ റിസോര്‍ട്ടുകള്‍ വയനാട്ടിലെ ആദിവാസികളുടെ തനത് ഗോത്ര സംസ്‌കാരം ഇല്ലാതാക്കുന്നതായി നോട്ടീസില്‍ പറയുന്നു. തിരുനെല്ലിയിലെ റിസോര്‍ട്ട് ആക്രമണവും നീറ്റ ജലാറ്റിന്‍ കോര്‍പറേറ്റ് ഓഫീസ് ആക്രമണവും തങ്ങളാണ് നടത്തിയതെന്നും എന്നാല്‍ ജനകീയ പ്രക്ഷോഭത്തിനെതിരെ സര്‍ക്കാര്‍ കപട പ്രചാരണം നടത്തുകയാണെന്നും നോട്ടീസ് ആരോപിക്കുന്നു. നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമിച്ചത് തങ്ങളാണെന്ന് ബസ്തര്‍ മേഖലയിലെ പ്രാദേശിക നേതാവ് പറഞ്ഞത് ഇവിടുത്തെ സമരങ്ങളെക്കുറിച്ച് ധാരണയില്ലാതെയാണ്. സര്‍ക്കാരിനെതിരെ സായുധ സമരം നടത്തുന്ന സംഘടന രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ലഘുലേഖ വ്യക്തമാക്കുന്നു.