Connect with us

Kerala

രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥക്കിടെ നാളെ മുതല്‍ നിയമസഭാ സമ്മേളനം

Published

|

Last Updated

തിരുവനന്തപുരം: പ്രക്ഷുബ്ധമാകാവുന്ന രാഷ്ട്രീയാന്തരീക്ഷം നിലനില്‍ക്കെ കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ തുടങ്ങുന്നു. രാഷ്ട്രീയ ഭരണ വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത പശ്ചാത്തലത്തിലാണ് നിയമനിര്‍മാണം മാത്രം ലക്ഷ്യമിട്ട് പതിനാല് ദിവസം സഭ സമ്മേളിക്കുന്നത്. നികുതി വര്‍ധന, ബാര്‍ കോഴ തുടങ്ങി സര്‍ക്കാറിനെതിരെ തിരിയാന്‍ ആയുധങ്ങള്‍ ഏറെയുണ്ട് പ്രതിപക്ഷത്തിന്. അഡ്ജസ്റ്റ്‌മെന്റ് സമര വിവാദം മുതല്‍ പാര്‍ട്ടി അണികള്‍ തന്നെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവം വരെ പ്രത്യാക്രമണത്തിനായി ഭരണപക്ഷവും ഉപയോഗപ്പെടുത്തും. പക്ഷിപ്പനി, വിലക്കയറ്റം തുടങ്ങി ജനകീയ വിഷയങ്ങള്‍ വേറെയും. ഇരുപക്ഷവും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ സഭാ സമ്മേളനം സംഭവബഹുലമാകുമെന്നുറപ്പ്. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് സമ്മേളനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവന്ന പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ധനകാര്യ ബില്ലുകളും പാസാക്കിയെടുക്കേണ്ടതുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളെയും മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകളെയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഡിസംബര്‍ പതിനഞ്ചിനാണ്. ഇവയുടെ ധനവിനിയോഗ ബില്ലുകള്‍ പതിനെട്ടിനാണ് പരിഗണിക്കുന്നത്. എന്തുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയെന്ന ചോദ്യമാകും ധനകാര്യ ബില്‍ പരിഗണനയില്‍ ഉന്നയിക്കപ്പെടുക. സഭയുടെ അനുമതിയില്ലാതെ നികുതി നിരക്കുകള്‍ ക്രമാതീതമായി ഉയര്‍ത്തിയത് പ്രതിപക്ഷം ചോദ്യം ചെയ്യും. ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇതോട് ചേര്‍ത്ത് അവതരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്നുറപ്പ്. ബാര്‍ കോഴ വിഷയത്തില്‍ മാണിയോട് മൃദുസമീപനം കാണിച്ചെന്ന വിമര്‍ശം സി പി എമ്മിനെ തിരിഞ്ഞു കുത്തുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. നിയമനിര്‍മാണ ചര്‍ച്ചകളില്‍ രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടമെങ്കിലും ഇതിനെയെല്ലാം പടിക്ക് പുറത്തു നിര്‍ത്തുന്നതാണ് അനുഭവം. ശൂന്യവേള “വേണ്ടവിധം” ഉപയോഗപ്പെടുത്തിയാല്‍ നടപടിക്രമങ്ങളുടെ സുഗമമായ പോക്കും തടസ്സപ്പെടും.
കോഴ ആരോപണത്തില്‍ സി പി എം കടുത്ത നിലപാടിലേക്ക് വന്നില്ലെങ്കിലും സഭയിലും വിട്ടുവീഴ്ച വേണ്ടെന്നാണ് സി പി ഐ തീരുമാനം. അങ്ങനെ വന്നാല്‍ പ്രതിപക്ഷനിരയിലാകും ഭിന്നത. വി എസ് അച്യുതാനന്ദന്‍ മാണിക്കെതിരെ ആരോപണം വന്ന നാള്‍ മുതല്‍ രംഗത്തുണ്ട്. ടി ഒ സൂരജ്, രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന അന്വേഷണവും നടപടിയുമെല്ലാം സഭയില്‍ ചര്‍ച്ചാവിഷയമാകും. ഇരുവരെയും ടാര്‍ഗറ്റ് ചെയ്യുന്നതിനപ്പുറം കൈകാര്യം ചെയ്ത വകുപ്പുകള്‍ക്ക് നേരെയാകും പ്രതിപക്ഷ ആരോപണങ്ങള്‍. ഇന്ധന വില കുറയുന്നത് അനുസരിച്ച് ഇതിന്മേലുള്ള വാറ്റ് വര്‍ധിപ്പിക്കുന്നതും ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ധന വിലക്ക് അനുസൃതമായി കുറക്കാത്തതും സഭയില്‍ ഉന്നയിക്കപ്പെടും.
അടുത്ത കാലത്തെ സി പി എം- സി പി ഐ ഏറ്റുമുട്ടല്‍ തന്നെയാകും ഭരണപക്ഷത്തിന്റെ പ്രധാന ആയുധം. പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും ജനയുഗം- ദേശാഭിമാനി പത്രങ്ങളും നടത്തുന്ന വാക്പയറ്റിലൂടെയാകും ഭരണപക്ഷ പ്രത്യാക്രമണങ്ങളുടെ പോക്ക്. അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന വിമര്‍ശം സി പി ഐ തന്നെയാണ് ഉന്നയിച്ചെന്നത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കും. ലക്ഷ്യം കാണാതെ പോയ ഭൂസമരവും സോളാര്‍, നികുതി നിഷേധ സമരങ്ങളെളുമെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടും. ഏറ്റവുമൊടുവിലായി കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസില്‍ പാര്‍ട്ടി അണികള്‍ തന്നെ പിടിയിലായത് തെല്ലൊന്നുമല്ല സി പി എമ്മിനെ അലോസരപ്പെടുത്തുന്നത്. പ്രതികള്‍ക്കെതിരെ നടപടിയെടുത്ത് പുറത്താക്കിയെങ്കിലും ഇതുണ്ടാക്കിയ കളങ്കം പെട്ടെന്ന് മാറില്ല.
മദ്യനയമാണ് സജീവ ചര്‍ച്ചക്ക് വഴിതുറക്കുന്ന മറ്റൊരു വിഷയം. സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമിട്ടുള്ള യു ഡി എഫ് നയത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഭരണപക്ഷത്തും ഭിന്നസ്വരം നിലനില്‍ക്കുന്നു. കെ പി സി സി പ്രസിഡന്റ് വി എം സുധീരനും സര്‍ക്കാറും രണ്ട് തട്ടിലാണെന്ന് തോന്നും വിധമാണ് പ്രതികരണങ്ങള്‍. ഇതിനിടെയാണ് കരിമണല്‍ ഖനനം സംബന്ധിച്ച കോടതി വിധിയുണ്ടായത്. ഇക്കാര്യത്തിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്.
സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്തതാണെങ്കിലും മുല്ലപ്പെരിയാര്‍ പ്രശ്‌നം വീണ്ടും സഭയില്‍ വരും. നാളെ തുടങ്ങുന്ന സമ്മേളനം പതിനെട്ട് വരെ നീണ്ടുനില്‍ക്കും. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത 2014ലെ സര്‍വകലാശാലാ നിയമങ്ങള്‍ (മൂന്നാം ഭേദഗതി) ബില്‍, 2014ലെ കേരള പഞ്ചായത്തീരാജ് (രണ്ടാം ഭേദഗതി) ബില്‍ എന്നിവയാണ് നാളെ പരിഗണിക്കുക. 2014ലെ കേരള മാരിടൈം ബോര്‍ഡ് ബില്‍, 2014ലെ കേരള കാര്‍ഷിക സര്‍വകലാശാല (ഭേദഗതി) ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം ചര്‍ച്ചക്ക് വരും. മറ്റ് ദിവസങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകള്‍ സംബന്ധിച്ച് നാളെ ചേരുന്ന ബിസിനസ് അഡൈ്വസറി കമ്മിറ്റി തീരുമാനിക്കും.